കൊറോണ വാക്‌സിന് വേണ്ടി 2022 വരെ കാത്തിരിക്കണമെന്ന് ലോകാരോഗ്യ സംഘടന

ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് 2022 വരെ കൊറോണ പ്രതിരോധ മരുന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച വ്യക്തി ആരോഗ്യവാനും ചെറുപ്പക്കാരനുമാണെങ്കിലാണ് 2022 വരെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ…

ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് 2022 വരെ കൊറോണ പ്രതിരോധ മരുന്ന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച വ്യക്തി ആരോഗ്യവാനും ചെറുപ്പക്കാരനുമാണെങ്കിലാണ് 2022 വരെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ വ്യക്തമാക്കി. പ്രായമായവരേയും മറ്റ് ദുര്‍ബലരായ വ്യക്തികളേയുമായിരിക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ ആദ്യം പരിഗണിക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ മരുന്ന് നല്‍കേണ്ടതെന്ന് തുടക്കം മുതല്‍ നിര്‍ദേശമുണ്ടായിരുന്നു.

ഇതില്‍ തന്നെ അപകട സാധ്യത കൂടുതല്‍ ഉള്ളവരെ കണ്ടുപിടിക്കേണ്ടതുണ്ടെന്നും, പ്രായമായവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഇവര്‍ പറയുന്നു. ഈ രീതിയില്‍ കണക്കാക്കുമ്ബോള്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നും സൗമ്യ സ്വാമിനാഥന്‍ പറയുന്നു. മരുന്ന് കണ്ടുപിടിച്ചാലും അത് എത്രയും വേഗം ജനങ്ങളിലേക്ക് എത്താന്‍ കാലതാമസമുണ്ടാകുമെന്ന സൂചനയാണ് ലോകാരോഗ്യ സംഘടന നല്‍കുന്നതെന്നാണ് വിലയിരുത്തല്‍.

ആര്‍ജ്ജിത പ്രതിരോധ ശേഷി എന്ന പ്രതീക്ഷ മാത്രം മുന്‍നിര്‍ത്തി മുന്നോട്ട് പോകാനാകില്ലെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ആര്‍ജ്ജിത പ്രതിരോധ ശേഷിയുടെ അടുത്ത് അടുത്തുപോലും ഈ സമൂഹം എത്തിയിട്ടില്ലെന്നും, കൊറോണയ്‌ക്കെതിരായി തേടിക്കൊണ്ടിരിക്കുന്ന പരിഹാരം അതല്ലെന്നുമാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്.