കെപിഎസി ലളിതയുടെ വീട്ടിൽ അങ്ങനെ ചെയ്ത അടൂർഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു!

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിൽ കെപിഎസി ലളിത നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. അച്ഛൻ തന്റെ കുഞ്ഞുന്നാളിൽ ഡാൻസ് പഠിപ്പിക്കാൻ തന്നെ ചേർത്തതിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ വിമർശനത്തിന് ഇര…

കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിൽ കെപിഎസി ലളിത നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. അച്ഛൻ തന്റെ കുഞ്ഞുന്നാളിൽ ഡാൻസ് പഠിപ്പിക്കാൻ തന്നെ ചേർത്തതിന് ബന്ധുക്കളുടെയും നാട്ടുകാരുടെയും വലിയ വിമർശനത്തിന് ഇര ആയിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. ചെറുപ്പത്തിൽ തന്നെ നൃത്തം പഠിപ്പിക്കാൻ വേണ്ടി ചേർത്തപ്പോൾ അച്ഛന്റെ പ്രവർത്തിയെ എതിർത്ത് കൊണ്ട് നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നു. എന്നാൽ അച്ഛൻ കലയെ സ്നേഹിക്കുന്ന ഒരു മനുഷ്യൻ ആയത് കൊണ്ട് തന്നെ അവരുടെ വാക്കുകൾക്ക് ചെവി നൽകിയില്ല. വളരെ മോശം രീതിയിൽ ആയിരുന്നു പലരും ഈ വിഷയത്തിൽ അച്ഛനോട് സംസാരിച്ചത്. പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ സിനിമയിൽ അഴിഞ്ഞാടാൻ വിടുന്നതിനേക്കാൾ നല്ലത് കടലിൽ കൊണ്ട് പോയി കെട്ടിത്തൂക്കി ഇടുന്നതാണെന്നു വരെ ആളുകൾ അച്ഛനോട് പറഞ്ഞിട്ടുണ്ട് , അച്ഛൻ എന്റെ കൂടെ നിന്നത് കൊണ്ട് മാത്രമാണ് ഇന്ന് ഞാൻ ഒരു കലാകാരി ആയത്. മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്ക് അറിയുമോ എന്റെ ഒക്കെ കാലത്തെ സാഹചര്യം എന്നുമാണ് കെപി എസ് ലളിത പറഞ്ഞത്. ഇതിനെതിരെ വലിയ വിമർശനം ആണ് താരത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഈ വിഷയത്തിൽ ദീപ നിഷാന്ത് എഴുതിയ കുറിപ്പാണു ശ്രദ്ധ നെടുന്നത്. കുറിപ്പ് ഇങ്ങനെ,

കഴിഞ്ഞ ദിവസം മലയാള മനോരമയിൽ വന്ന കെ പി എ സി ലളിതയുടെ വാക്കുകളാണ്:- ” മീ ടൂ വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാവോ എൻ്റെയൊക്കെ കാലത്തെ സാഹചര്യങ്ങൾ !” എന്തൊരു വാചകമാണത് ! നടി വിഷയത്തിൽ കുറ്റാരോപിതനായ നടനെ ജയിലിൽ സന്ദർശിച്ച വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ എഴുതിയ കുറിപ്പ് ഇപ്പോഴും പ്രസക്തിയുണ്ടെന്ന ബോധ്യത്തിൽ അതിലെ ഭാഗങ്ങൾ കൂടി ചേർത്തുവെക്കുന്നു :-  കെ.പി.എ.സി.ലളിതയുടെ ആത്മകഥയുടെ പേര് ‘കഥ തുടരും’ എന്നാണ്. അതിലൊരു അദ്ധ്യായമുണ്ട്.’ അറിയപ്പെടാത്ത അടൂർഭാസി’ എന്ന പേരിൽ.നടൻ അടൂർഭാസി അവരുടെ സിനിമാജീവിതത്തിൻ്റെ ആദ്യകാലങ്ങളിൽ അവരെ വ്യക്തിപരമായി ഉപദ്രവിച്ചതിനെപ്പറ്റിയാണ് അതിലെഴുതിയിട്ടുള്ളത്. ഏതാനും ഭാഗങ്ങൾ ഇങ്ങനെയാണ്: “അടൂർഭാസിയോടൊത്ത് ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതിലേറെ പടത്തിൽ നിന്നും അയാളെന്നെ ഒഴിവാക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടുണ്ട്.ഒരു ദിവസം രാത്രി അടൂർഭാസി വീട്ടിൽ വന്നു.രാത്രി വൈകിയിട്ടും പോകാനുള്ള ഭാവമില്ല. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ട്. മദ്യപാനം തുടരുകയാണ്. തുണിയൊക്കെ ഉരിഞ്ഞുപോവുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കുന്നേയില്ല.എന്നിട്ട് പറയുകയാണ്: ” ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടു നടക്കും.എൻ്റെ കാറ് ലളിതാമ്മയ്ക്ക് തരാം.” എനിക്കന്ന് കാറൊന്നുമില്ല. ഇങ്ങേര് പറയുന്നത് എന്താണെന്നു വെച്ചാൽ ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ പടങ്ങളും എനിക്ക് തരും. യാത്ര ചെയ്യാൻ കാറുണ്ടാവും. “കല്യാണം കഴിക്കേണ്ട കാര്യമൊന്നുമില്ല. എന്തിനാ കല്യാണം.. കല്യാണമൊന്നും വേണ്ട. നമുക്കങ്ങനെ സുഖമായി കഴിയാം.. ” അയാളന്ന് കൊടികുത്തി വാഴുന്ന സമയമാണ്. സിനിമയിലുള്ളവർ അയാൾ പറയുന്നതിലേ ന്യായം കാണുകയുളളൂ. അയാളുടേത് വേദവാക്യം!….

വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ല…. എന്നെ ഏതെല്ലാം തരത്തിൽ ദ്രോഹിക്കാമോ അതൊക്കെ ചെയ്തു.എനിക്കു വരുന്ന പടങ്ങളൊക്കെ കട്ട് ചെയ്യും. നിർമ്മാതാക്കളോട് എന്നെ വേണ്ടെന്നു പറയും. പറ്റിയില്ലെങ്കിൽ സീനിലിട്ട് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങളുണ്ടാക്കും. എന്നെ അവഹേളിക്കാനും എൻ്റെ മനഃസാന്നിധ്യം നഷ്ടപ്പെടുത്താനും എന്തു വേണമെങ്കിലും ചെയ്യും.അക്കാലങ്ങളിൽ ഓരോ ലൊക്കേഷനിലും ഞാനെന്തുമാത്രം കരഞ്ഞിട്ടുണ്ടെന്നോ? ഓരോ ഷോട്ടിലും അതിൽ വേണ്ടാത്തതൊക്കെ അയാൾ കാണിക്കും. എല്ലാം എന്നെ ദ്രോഹിക്കാൻ.. ഡയറക്ടർ എന്തു പറയാനാണ്.. അയാൾ വാഴുന്ന കാലമല്ലേ? ഇപ്പോഴും ചില സൂപ്പർതാരങ്ങളെയൊക്കെ നിലയ്ക്ക് നിർത്താൻ സംവിധായകർക്ക് കഴിയില്ല.” [കഥ തുടരും..] തൊഴിലിടത്തിൽ വിശിഷ്യാ സിനിമാമേഖലയിൽ സ്ത്രീകൾ അനുഭവിച്ചിരുന്ന ഗുരുതരമായ പ്രതിസന്ധികളിലേക്കാണ് സ്വന്തം അനുഭവത്തിലൂടെ കെ.പി.എ.സി.ലളിത വിരൽ ചൂണ്ടുന്നത്. സിനിമ എപ്പോഴും പുരുഷൻ്റെ കൈയിലായിരുന്നു. ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തും വിധമായിരുന്നു അതിൻ്റെ രൂപകൽപ്പന. കെ.പി.എ.സി.ലളിതയേയും ഉർവശിയേയും മഞ്ജുവാര്യരേയും പോലുള്ള നടികൾക്കു മാത്രമേ അപൂർവ്വമായെങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് തങ്ങളൊരു കാഴ്ചവസ്തു മാത്രമല്ലെന്ന് തെളിയിച്ച് സിനിമയിൽ പകരം വെക്കാനില്ലാത്ത സ്വന്തം ഇടമുണ്ടാക്കാൻ കഴിഞ്ഞിട്ടുള്ളൂ. വിവാഹമോചനം നേടി തിരികെ സ്വന്തം തൊഴിലിടത്തിലേക്കു വന്ന മഞ്ജുവാര്യർ മലയാളികൾക്കത്ഭുതമാകുന്നതും അവരെ അമിതമായി ആഘോഷിക്കുന്നതും നിന്ദിക്കുന്നതുമെല്ലാം സിനിമയിലും ജീവിതത്തിലും സ്ത്രീകൾക്കു നേരെയുള്ള ചില പൊതുബോധങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ്.

പക്ഷേ എത്ര ഉയരത്തിലെത്തിയാലും ‘കുടുംബം കളഞ്ഞു വന്ന പെണ്ണുങ്ങളായി’ഉർവ്വശിയേയും മഞ്ജു വാര്യരേയും നമ്മൾ നമ്മുടെ മുൻവിധികളിൽ തളച്ചിടും.അവരുടെ ആനന്ദങ്ങളുടെ നേർക്ക് വിലകുറഞ്ഞ പുച്ഛച്ചിരിയിൽ മുഖംകോട്ടും.. ഉടുതുണിയില്ലാതെ കെ പി എ സി ലളിതയുടെ വീട്ടിൽ കുടിച്ചു ബഹളമുണ്ടാക്കിയ അടൂർഭാസി മലയാളസിനിമ കണ്ട എക്കാലത്തേയും മികച്ച നടനായിരുന്നു. അയാൾ നമ്മെ ചിരിപ്പിച്ചിരുന്നു… ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ അയാൾക്ക് ഇങ്ങനെയൊരു മുഖമുണ്ടായിരുന്നോ എന്നമ്പരന്നു… വിയോജിപ്പ് പ്രകടിപ്പിക്കാനും മാനനഷ്ടത്തിന് കേസു കൊടുക്കാനും അടൂർഭാസി ഇന്ന് ജീവിച്ചിരിപ്പില്ല. അയാൾ വിവാഹിതനല്ല.. ഇത് വായിച്ച് അഭിമാനം നഷ്ടപ്പെടാൻ അയാൾക്ക് ഭാര്യയില്ല.. മക്കളില്ല.. മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.. ലളിതയുടെ ആത്മകഥ വായിച്ചപ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ അവർ ഇത്തരമൊരു കള്ളം പറയില്ലെന്നു തന്നെ ഉറച്ചു വിശ്വസിച്ചു.. (ഇപ്പോഴും വിശ്വസിക്കുന്നു.)അടൂർ ഭാസിക്കെതിരെ ചലച്ചിത്ര പരിഷത്തെന്ന സംഘടനയിൽ പരാതി കൊടുത്തതിനെപ്പറ്റിയും അതിനെ ചോദ്യം ചെയ്ത ഉമ്മറടക്കമുള്ളവരോട് കയർത്തതിനെപ്പറ്റിയും അഭിമാനപൂർവ്വം അവരെഴുതിയിട്ടുണ്ട്. “ഉമ്മൂക്ക ചലച്ചിത്രപരിഷത്തിൻ്റെ പ്രസിഡണ്ടാണെന്ന് ഓർക്കണം. എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.അങ്ങേരുടെ ആളായി സംസാരിക്കരുത് ” – എന്ന് ഉമ്മറിൻ്റെ മുഖത്തു നോക്കി പറഞ്ഞ ആത്മാഭിമാനമുള്ള സ്ത്രീയായിട്ടാണ് ആത്മകഥയിൽ കെ.പി.എ.സി.ലളിതയെ വായിച്ചത്. “സിനിമേല് കൊള്ളാവുന്ന പെമ്പിള്ളേർക്ക് ഒരു ചൂഷണോമില്യാ ” എന്ന വള്ളുവനാടൻമൊഴി ചാനൽ ക്യാമറകൾക്കു മുന്നിൽ അവര് പറയുമ്പോൾ അതവരുടെ ആത്മകഥയുടെ വിശ്വാസ്യതയെത്തന്നെ റദ്ദ് ചെയ്യുന്ന ഒന്നാണ്.. കെ.പി.എ.സി.ലളിത എന്ന വ്യക്തിക്ക് ആരെ വേണമെങ്കിലും സന്ദർശിക്കാം.ആശ്വസിപ്പിക്കാം..പക്ഷേ കേരളസംഗീതനാടകഅക്കാദമി അധ്യക്ഷയായ ശ്രീമതി കെ.പി.എ. സി.ലളിത സർക്കാർ സംവിധാനത്തിൻ്റെ ഭാഗമാണ്. അകത്തു കിടക്കുന്നത് ഒരു ക്രിമിനൽ കേസിലെ പ്രതിയാണ്. അയാൾക്കനുകൂലമായ വൈകാരികാന്തരീക്ഷം ഒരുക്കിക്കൊടുക്കും വിധം അത്തരമൊരു പ്രതിയെ സന്ദർശിച്ചും അല്ലാതെയും അയാൾക്ക് പരസ്യമായി ക്ലീൻചിറ്റ് നൽകുന്ന എം.എൽ.എ.മാരായ ഗണേശ്കുമാറും മുകേഷുമെല്ലാം വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെത്തന്നെയാണ്.

മറ്റു മനുഷ്യർ പോകും പോലെ മറ്റു മനുഷ്യർ പറയും പോലെ മറ്റു മനുഷ്യർ പിന്തുണ കൊടുക്കും പോലെ അത്ര നിസ്സാരമല്ല അത്. ഒരാളുടെയും വ്യക്തിബന്ധങ്ങളെയോ അവയുടെ വൈകാരികപ്രകടനങ്ങളെയോ ചോദ്യം ചെയ്യാനുള്ള അധികാരം ആർക്കുമില്ല. പക്ഷേ ഒരു ജനതയെ സ്വാധീനിക്കും വിധം സർക്കാരിൻ്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി പക്ഷപാതപരമായി ഇടപെടുന്നത് കാണുമ്പോഴാണ് പ്രശ്നം. ഇപ്പുറത്ത് ഒരു പെൺകുട്ടിയുണ്ട്.ഇതേ ഇൻഡസ്ട്രിയുടെ ഭാഗമാണ് അവളും. ഇരയായി മാളത്തിലൊളിക്കാതെ, സ്വന്തം പേരും മുഖവും മേൽവിലാസവും വെച്ച് നിയമപരമായി തനിക്കേറ്റ അപമാനത്തിനെതിരെ പ്രതികരിച്ച ഒരു പെൺകുട്ടിയുടെ മനോവീര്യം തകർക്കും വിധം പെരുമാറുമ്പോൾ ഒന്നോർത്താൽ മതി. അവളുടെ സ്ഥാനത്ത് നാളെ നമ്മളാരുമാകാം. നമ്മുടെ ആരുമാകാം..അവൾ പരാജയപ്പെട്ടാൽ കുറേ പെൺകുട്ടികൾ പരാജയപ്പെടും. ഒരു പരാതി കൊടുക്കാൻ പോലും തയ്യാറാവാത്തവിധം മൗനത്തിൻ്റെ മറയിലൊളിക്കും.ആർക്കും തളളിത്തുറന്ന് കയറാവുന്നത്ര ഉറപ്പേ നമ്മുടെ അടച്ചിട്ട സുരക്ഷിതത്വത്തിൻ്റെ വാതിലുകൾക്കുള്ളൂ. കെ പി എ സി ലളിത തൻ്റെ തൊഴിലിടത്തിൽ പണ്ട് നേരിട്ട ചൂഷണങ്ങൾ തന്നെയാണ് നിങ്ങൾ പരിഹസിച്ച ‘ഇന്നത്തെ പെണ്ണുങ്ങളും’ വിളിച്ച് പറയുന്നത്. അവരുടെ ‘മീ ടൂ’ വിനും നിങ്ങളുടെ ‘മീ ടൂ’വിനും തമ്മിൽ കാലഘട്ടത്തിൻ്റെ വ്യത്യാസം മാത്രമേയുള്ളൂ.അതിനെ ന്യൂനോക്തികൾ കൊണ്ട് തകർക്കരുത്. അപേക്ഷയാണ്.