’75 ദിവസം വ്രതം എടുത്താണ് അഭിനയിച്ചത്, ആദ്യമായിട്ടാണ് ശബരിമലയില്‍ പോയത്’

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച രണ്ട് ബാലതാരങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറം ആയി അഭിനയിച്ചത് കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന…

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ച രണ്ട് ബാലതാരങ്ങള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറം ആയി അഭിനയിച്ചത് കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന ദേവനന്ദയാണ്. നാലര വയസ്സു മുതല്‍ ദേവനന്ദ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ തുടങ്ങിയ അഭിനയജീവിതം മിന്നല്‍ മുരളി, മൈ സാന്റാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മാളികപ്പുറത്തിലും റിലീസിന് തയാറെടുക്കുന്ന 2018, നെയ്മര്‍ തുടങ്ങിയ ചിത്രങ്ങളിലും വരെ എത്തിക്കഴിഞ്ഞു. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടതില്‍ ദേവനന്ദയ്ക്ക് അതിയായ സന്തോഷമുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം.

ഈ സിനിമയ്ക്കു വേണ്ടി 75 ദിവസം വ്രതം എടുത്താണ് അഭിനയിച്ചത്. ആദ്യമായിട്ടാണ് ശബരിമലയില്‍ പോയത്. മാളികപ്പുറത്തിലെ കല്ലു മോളെപ്പോലെ എനിക്കും ആദ്യമായി ശബരിമലയില്‍ പോയി അയ്യപ്പനെ കാണാന്‍ കഴിഞ്ഞു. സിനിമയുടെ ഷൂട്ടിങ് കുറച്ചു ദിവസം ശബരിമല നട തുറന്നിരുന്ന സമയത്തായിരുന്നു. അതുകൊണ്ട് ഞാന്‍ അയ്യപ്പനു മുന്നില്‍ പോയി നിന്ന് നന്നായി തൊഴുതു. കുറെ ദിവസം ആരും കയറിച്ചെല്ലാത്ത ഉള്‍ക്കാട്ടില്‍ ആയിരുന്നു ഷൂട്ടിങ്. കാടും മലയുമെല്ലാം കയറിയിറങ്ങി ആയിരുന്നു ചിത്രീകരണമെന്നും ദേവനന്ദ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഞങ്ങള്‍ എല്ലാവരും ഒരു കുടുംബം പോലെയാണ് സെറ്റില്‍ കഴിഞ്ഞത്. ഉണ്ണിച്ചേട്ടനോടൊപ്പം അഭിനയിച്ചത് നല്ല രസമായിരുന്നു. ഉണ്ണിച്ചേട്ടന്‍ നല്ല കെയറിങ് ആയിരുന്നു. എനിക്ക് എന്തെങ്കിലും ചെയ്യാന്‍ അറിയില്ലെങ്കില്‍ ഉണ്ണിച്ചേട്ടന്‍ പറഞ്ഞു തരും. 75 ദിവസം അടുപ്പിച്ച് ഷൂട്ടിങ് ഉണ്ടായിരുന്നു. അച്ഛനായി അഭിനയിച്ച സൈജു അങ്കിള്‍, അമ്മയായി അഭിനയിച്ച അല്‍ഫി ചേച്ചി ഒക്കെ നല്ല സ്‌നേഹമായിരുന്നു. ശ്രീപദ് ആണ് എന്നോടൊപ്പം അഭിനയിച്ച കുട്ടി. സ്‌കൂളിലെ ഷൂട്ടിങ്ങിന് കുറെ കുട്ടികള്‍ കൂടെ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാം കൂടി നല്ല രസമായിരുന്നുവെന്നും ദേവനന്ദ പറയുന്നു.