ഞാനിപ്പോൾ പെട്ടിരിക്കുകയാണ്; തുറന്ന് പറഞ്ഞ്, ദിലീഷ് പോത്തൻ

മലയാളത്തിലെ ഹിറ്റ് സംവിധായകൻ എന്ന നിലയ്ക്കും നടനെന്ന നിലയ്ക്കും അത്ഭുതപ്പെടുത്തിയ താരമാണ്  ദിലീഷ് പോത്തൻ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി തുടങ്ങിയ റിയലസ്റ്റിക്ക് ചിത്രങ്ങളിലൂടെ മലയാള മനസുകളിൽ ഇടം പിടിയ്ക്കാൻ ദിലീഷ് പോത്തനായി. ഇപ്പോഴിതാ മാസ് അടിപ്പടങ്ങളെ കുറിച്ചും തന്നെ പോലുള്ള ഒരു സംവിധായകന് അത് ചെലുത്തുന്ന സമ്മർദ്ദത്തെ കുറിച്ചും മനസ് തുറക്കുകയാണ് താരം. ചെറിയ സിനിമകളാണെങ്കിലും എന്റർടെയ്ൻമെന്റ് വാല്യു ഉണ്ടെങ്കിൽ ആളുകൾ തിയേറ്ററിൽ വരുമെന്നും അതിന് ഒരു ബിഗ് ബജറ്റ് ചിത്രമാകണമെന്നില്ലെന്നും ദിലീഷ് പോത്തൻ പറയുന്നു. തമിഴിലെ വിക്രം പോലെ അല്ലെങ്കിൽ  കെജിഎഫ് പോലൊരു പടം മലയാളത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നും ദിലീഷിനെ പോലൊരു സംവിധായകന് മേലും മലയാളം ഇൻഡസ്ട്രിയ്ക്ക് മേലും അതുണ്ടാക്കുന്ന സമ്മർദ്ദം എത്രയാണെന്നുമുള്ള ചോദ്യത്തിനായിരുന്നു ദിലീഷ് പോത്തന്റെ  മറുപടി.

ഒരു  യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യക്തിപരമായി പറഞ്ഞാൽ താനിപ്പോൾ  പെട്ടിരിക്കുകയാണെന്ന് പറയാമെന്നാണ് ദിലീഷ് പോത്തൻ പറയുന്നത്.  തൊണ്ടിമുതലും ദക്‌സാക്ഷിയും കഴിഞ്ഞിട്ട് കുറച്ച് കൊമേഷ്യൽ സ്ട്രക്ചറിൽ ഉള്ള സിനിമ ചെയ്യാമെന്ന് തീരുമാനിച്ച് അതിന് വേണ്ടി ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജോജി സംഭവിച്ചത് എന്നും ദിലീഷ് കൂട്ടിച്ചേർത്തു. ഇപ്പോൾ എല്ലാവരും മാസ് ഇടിപ്പടത്തിന് പിറകെയാണ് എന്നും  ശരിക്കും പറഞ്ഞാൽ താൻ  ഇപ്പോൾ കൺഫ്യൂസ്ഡ് ആയിട്ട് ഇരിക്കുകയാണ് എന്നും ദിലീഷ് പറയുന്നു. ഇൻഡസ്ട്രിയ്ക്ക് ചിലപ്പോൾ വലിയ സിനിമകളായിരിക്കും ഗുണം ചെയ്യുക. വലിയ സിനിമകൾ ഉണ്ടാകണം. അത്തരം സിനിമകൾ  നല്ലതാണ്. പക്ഷെ വലിയ സിനിമ മാത്രമാണ് ഇൻഡസ്ട്രിയ്ക്ക് ഗുണം ചെയ്യുകയെന്ന തോന്നൽ തെറ്റിദ്ധാരണയാണെന്നാണ് താൻ  വിശ്വസിക്കുന്നത് എന്നും ദിലീഷ് പോത്തൻ പറഞ്ഞു . ഓഡിയൻസിന് അങ്ങനെയൊരു വേർതിരിവ്  ഇല്ലെന്നാണ് താൻ  കരുതുന്നത്. ഇത് തന്റെ  മാത്രം വിശ്വാസമാണ്. അത് ശരിയാണെന്നല്ല, ഇപ്പോൾ വലിയ സിനിമകൾക്ക് മാത്രമെ ആളുണ്ടാകൂ എന്നും അത്തരം സിനിമകൾ നൽകുന്ന തിയേറ്റർ എക്‌സ്പീരിയൻസിന് വേണ്ടി മാത്രമാണ് ആളുകൾ തിയേറ്ററിൽ വുരുന്നതെന്നും താൻ  വിശ്വസിക്കുന്നില്ല.

എന്റർടെയ്ൻമെന്റ് വാല്യൂ ഉണ്ടെങ്കിൽ ആളുകൾ തിയേറ്ററിൽ വരമെന്നും ദിലീഷ് പോത്തൻ അഭിപ്രായപ്പെട്ടു. വലിയ ബഡ്ജറ്റിൽ വരുന്ന എല്ലാ സിനിമകളും ഓടുകയാണെങ്കിൽ നമുക്ക് അത്  മനസിലാക്കാം. എന്നാൽ അങ്ങനെയല്ല, അതിൽ തന്നെ എന്റർടൈൻമെന്റ് ഫാക്ട്േഴ്സ് ഉള്ള സിനിമകൾ മാത്രമാണ് കളക്ട് ചെയ്യുന്നത്. വലിയ പടങ്ങൾ പലതും ഫ്ളോപ്പായി പോകുന്നുണ്ട് എന്നും ദിലീഷ് കൂട്ടിച്ചേർത്തു. ഒപ്പം രോമാഞ്ചം വലിയ ബഡ്ജറ്റ്  പടമായിട്ടാണോ ഇത്രയും കളക്ട് ചെയ്തത് എന്നും ദിലീഷ് ചോദിക്കുന്നു . സിനിമ നല്ലതാണെങ്കിൽ അത്  ഓടും. അതാണ് റിയാലിറ്റി. പക്ഷേ സിനിമ  വളരെ നല്ലതായിരിക്കണം. പണ്ടായിരുന്നെങ്കിൽ ഒരു ആവറേജ് കാഴ്ചാനുഭവം തരുന്ന സിനിമ തിയേറ്ററിൽ പോയി കാണാൻ ആളുകൾ തയ്യാറായിരുന്നു. അന്ന്  വേറെ ഓപ്ഷനുണ്ടായിരുന്നില്ല എന്നും  കൊവിഡിന് മുൻപുല്ല കാര്യമാണിതെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ല എന്നും  ആവറേജ് ആയിട്ടുള്ള സിനിമ നമുക്ക് പിന്നീട് ഒ.ടി.ടിയിൽ കാണാമെന്നും വളരെ നല്ല സിനിമകൾ മാത്രം തിയേറ്ററിൽ കാണാമെന്നുമുള്ള നിലയിൽ ആളുകളെത്തിഎന്നും  ദിലീഷ് . ത്രില്ലർ ആയിക്കോട്ടെ മാസ് ആയിക്കോട്ടെ ഫാമിലി ഡ്രാമയായിക്കോട്ടെ ഇന്റലക്ച്വൽ ഫിലിം ആയിക്കോട്ടെ അതിന്റെ മേഖലയിൽ എക്സ്ട്രീം ഗുഡ് ആണെങ്കിൽ ആ സിനിമ തിയേറ്ററിൽ ഓടുമെന്നും ദിലീഷ് പോത്തൻ പറയുന്നു.