‘പെണ്ണിന്റെ പേരിൽ പിണങ്ങി’ ; എംജിയെ കൊണ്ട് ഇനി പാടിക്കില്ലെന്ന് മോഹൻ ലാൽ 

മലയാളികളുടെ ഇഷ്‌ട നടനാണ് ഇന്നസെന്റ്. ഈ കഴിഞ്ഞ  മാർച്ച് മാസത്തിലായിരുന്നു നടന്റെ വിയോഗം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയും ഓർമകളിലൂടെയും സഹപ്രവർത്തകരുടെയും പ്രേക്ഷകരുടേയുമെല്ലാം മനസ്സിൽ അദ്ദേഹം ഇന്നും നിലനിൽക്കുന്നുണ്ട്. സിനിമാ നടൻ എന്നതിന് പുറമെ ജനപ്രതിനിധി…

മലയാളികളുടെ ഇഷ്‌ട നടനാണ് ഇന്നസെന്റ്. ഈ കഴിഞ്ഞ  മാർച്ച് മാസത്തിലായിരുന്നു നടന്റെ വിയോഗം. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെയും ഓർമകളിലൂടെയും സഹപ്രവർത്തകരുടെയും പ്രേക്ഷകരുടേയുമെല്ലാം മനസ്സിൽ അദ്ദേഹം ഇന്നും നിലനിൽക്കുന്നുണ്ട്. സിനിമാ നടൻ എന്നതിന് പുറമെ ജനപ്രതിനിധി ആയെല്ലാം തിളങ്ങിയിട്ടുള്ള ഇന്നസെന്റ് കഥകൾ പറയുന്ന കാര്യത്തിലും മിടുക്കനായിരുന്നു.  കൗമുദി മൂവീസിലെ ഇന്നസെന്റ് കഥകൾ എന്ന പരിപാടിയിലൂടെ തന്റെയും സിനിമാ സുഹൃത്തുക്കളുടേയുമൊക്കെ രസകരമായ കഥകൾ അദ്ദേഹം പങ്കുവയ്ക്കാറുണ്ടായിരുന്നു. അങ്ങനെ മുൻപൊരിക്കൽ എംജി ശ്രീകുമാറിനൊപ്പം ചേർന്ന് മോഹൻലാലിനെ പറ്റിച്ച ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.  ആ കഥ പറച്ചിലിന്റെ ഭാഗങ്ങൾ ഇപ്പോൾ വീണ്ടും സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. ദുബായിയിൽ വെച്ച് ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞ് മോഹൻലാലിനെ പറ്റിച്ചതും തുടർന്ന് നടൻ എംജി ശ്രീകുമാറുമായി പിണങ്ങിയതിനെ കുറിച്ചുമാണ് ഇന്നസെന്റ് പറഞ്ഞത്.

എന്റെ വേണ്ടപ്പെട്ടൊരു സുഹൃത്താണ് മോഹൻലാൽ. അഭിനയത്തേക്കാളേറെ അദ്ദേഹത്തിന്റെ സാമീപ്യമാണ് സന്തോഷം നൽകുന്നത്. ഒരുപാട് തമാശകളും കാര്യങ്ങളുമൊക്കെ പറയാറുണ്ട്. നമ്മൾ തമ്മിൽ കണ്ടിട്ട് എത്രനാളായി. പുതിയ സംഭവങ്ങൾ ഒന്നുമില്ലേ എന്നൊക്കെ അദ്ദേഹം കാണുമ്പോൾ ചോദിക്കാറുണ്ട്. നമുക്ക് ഇഷ്ടപ്പെട്ട ആളുകൾ കൂടെ അഭിനയിക്കുമ്പോൾ ജോലി ചെയ്യുകയാണ് എന്നൊരു തോന്നൽ നമുക്കുണ്ടാകില്ല. ഷൂട്ടിനിടയിൽ  നേരം പോകാനായി നമ്മൾ ചില തമാശകളും രസകരമായ സംഭവങ്ങളുമൊക്കെ പറയും. ഒരിക്കൽ ദുബായിയിൽ ഒരു പരിപാടിക്ക് പോയി. ഞാനുണ്ട് എംജി ശ്രീകുമാറുണ്ട് മോഹൻലാലുമുണ്ട്. അവിടെ ഞങ്ങളുടെ ഹോട്ടലിന്റെ റിസപ്‌ഷൻറെ അവിടെ സുന്ദരിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാൻ എംജിയോട് പറഞ്ഞു, ‘മലയാളി ആണെന്ന് തോന്നുന്നു’. എംജി പറഞ്ഞു അവർ അറബിയാണെന്ന് തോന്നുന്നുവെന്ന്. ഇതിനിടയിൽ ലാൽ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, ‘നമുക്ക് ലാലിനെ ഒന്ന് പറ്റിക്കാം’, ‘എങ്ങനെ?’ ശ്രീക്കുട്ടൻ ചോദിച്ചു. ‘ആ പെൺകുട്ടി ലാലിനെ കാണാൻ പറ്റുമോ എന്ന് അന്വേഷിച്ചു. ലാലിന് അത് ഇഷ്ടമല്ലെന്ന് ശ്രീക്കുട്ടൻ പറഞ്ഞു എന്നും പറയാമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ ചെന്ന് ലാലിനോട് ഇക്കാര്യം പറഞ്ഞു. ‘

അവിടെ നമ്മൾ കണ്ട പെൺകുട്ടി അവൾ അമേരിക്കയിൽ ആയിരുന്നു. മലയാളിയാണ്. കുറച്ചൊക്കെ മലയാളം അറിയാം. തന്നെ കാണാൻ പറ്റുമോ എന്ന് ശ്രീക്കുട്ടനോട് ചോദിച്ചു. ഇല്ല കാണാൻ പറ്റില്ല, ലാൽ പ്രത്യേക ടൈപ്പ് ആണെന്നൊക്കെ ശ്രീക്കുട്ടൻ പറയുന്നുണ്ടായിരുന്നു. ആ സ്ത്രീ കുറെ നേരം ഇവിടെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നടന്നു. എന്നെല്ലാം പറഞ്ഞു കൊടുത്തു. ലാൽ ഏതാണ്ട് വലിയൊരു നഷ്ടം വന്നത് പോലെ തലയിൽ കൈവെച്ച് ഇരുന്നു. ചതിയാണ്. സ്വന്തം ആളുകൾ ഇങ്ങനെ ഒരിക്കലും ചെയ്യാൻ പാടില്ല എന്നൊക്കെ ലാൽ പറഞ്ഞു. അതിനിടെ റൂമിൽ ആരോ മുട്ടി. എംജി ശ്രീകുമാർ ആയിരുന്നു. തുറക്കണ്ടന്ന് ലാൽ പറഞ്ഞു. അത് വിട്ടുകള എന്ന് ഞാൻ പറഞ്ഞു. അങ്ങനെ വാതിൽ തുറന്നു കൊടുത്തു. എംജി വന്ന് എന്തുപറ്റി ലാലേ എന്ന് ചോദിച്ചു. താനൊക്കെ എനിക്ക് വേണ്ടി പാടുന്നു എന്നത് തന്നെ എനിക്ക് മാനസികമായി വിഷമമാണെന്ന് ലാൽ പറഞ്ഞു. എംജി ശ്രീകുമാറിന്റെ മുഖം മാറി. ഇനി ഇങ്ങേരു പാടിക്കില്ലേ എന്ന ടെൻഷനായി. എന്താണ് എന്ന് ചോദിച്ചു. ആ പെൺകുട്ടിയോട് അങ്ങനെ പറഞ്ഞോ എന്നൊക്കെ ചോദിച്ചു. ഞാൻ എംജിയെ കണ്ണടച്ച് കാണിച്ചു. എംജി അങ്ങനെ പറഞ്ഞെന്ന് പറഞ്ഞു. അത് കഴിഞ്ഞ് എംജി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ, ഇനി അയാളെ എന്റെ ഒരു പാട്ടും പാടിക്കില്ലെന്നായി ലാൽ. അയാൾ അത് വളരെ സീരിയസാക്കി എടുത്തു. അതിനുശേഷം ഞാൻ റൂമിൽ പോയി. പിന്നാലെ ശ്രീക്കുട്ടൻ ഓടിയെത്തി. ലാലിൻറെ അടുത്ത് സത്യം പറയാൻ ആവശ്യപ്പെട്ടു. ഞാൻ പറയില്ലെന്നൊക്കെ ആദ്യം പറഞ്ഞു. പിന്നെ വൈകുന്നേരം ആയപ്പോൾ ലാലിനോട് കാര്യം പറഞ്ഞു. അപ്പോഴാണ് ശ്രീക്കുട്ടന് ആശ്വാസമായത്. എന്നെ കെട്ടിപിടിച്ചിട്ട് പറഞ്ഞു, ‘താൻ എന്നെ രക്ഷിച്ചുവെന്ന്’. എല്ലാം ചെയ്തത് ഞാൻ തന്നെയാണ്. ഒരു രസം എന്നാണ് ഈ സംഭവത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്.