‘ഒടിടി പ്ലാറ്റ്‌ഫോം പടം വാങ്ങിയതുകൊണ്ടാണ് അത് പ്രേക്ഷകരില്‍ എത്തിയത്’ സംവിധായകന്‍

തിയറ്ററില്‍ അധികമാരും ശ്രദ്ധിക്കാത്ത സിനിമ ഒടിടിയില്‍ വന്നപ്പോള്‍ കണ്ട പ്രേക്ഷകര്‍ നല്ല അഭിപ്രായം പങ്കുവയ്ക്കുന്നുണ്ടെന്ന് മൈ നെയിം ഈസ് അഴകന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബി.സി നൗഫല്‍. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ സീ…

തിയറ്ററില്‍ അധികമാരും ശ്രദ്ധിക്കാത്ത സിനിമ ഒടിടിയില്‍ വന്നപ്പോള്‍ കണ്ട പ്രേക്ഷകര്‍ നല്ല അഭിപ്രായം പങ്കുവയ്ക്കുന്നുണ്ടെന്ന് മൈ നെയിം ഈസ് അഴകന്‍ ചിത്രത്തിന്റെ സംവിധായകന്‍ ബി.സി നൗഫല്‍. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പേ സീ ഫൈവ് കണ്ട് ഇഷ്ടപ്പെട്ട് വാങ്ങിയിരുന്നു. എന്റെ കൂടെ ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ തിരക്കഥാരചനയില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് അഴകനിലെ നായകനും തിരക്കഥാകൃത്തുമായ ബിനു തൃക്കാക്കര. ചിത്രം ഒടിടിയില്‍ വന്നപ്പോള്‍ ഒരുപാട് പ്രേക്ഷകര്‍ കണ്ട് നല്ല അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പടത്തെ അഭിനന്ദിച്ചുകൊണ്ട് ഒരുപാട് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടു. ഇപ്പോഴാണ് സിനിമ റിലീസ് ആയ ഒരു ഫീല്‍ കിട്ടുന്നത്.

കണ്ടന്റ് നല്ലതാണെങ്കില്‍ പ്രേക്ഷകര്‍ സിനിമ സ്വീകരിക്കുക തന്നെ ചെയ്യും. എന്റെ രണ്ടാമത്തെ സിനിമയായി ഇത്രയും ചെറിയ ഒരു പടം ചെയ്യണോ എന്ന് മുന്‍പ് എന്റെ സുഹൃത്തുക്കള്‍ ചോദിച്ചിരുന്നു. പക്ഷേ പടം കണ്ടിട്ട് അവര്‍ തന്നെ വിളിച്ചു അഭിനന്ദിക്കുമ്പോള്‍ സന്തോഷമുണ്ട്. ജയ ജയ ജയ ജയഹേ യിലെ ജയഭാരതിയല്ല, അഴകനിലെ ദിവ്യ ആണ് യഥാര്‍ഥ ഭാര്യ എന്ന ഒരു താരതമ്യം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു. അത് ശരിവച്ച് ഞാന്‍ പറയുകയല്ല, ഇങ്ങനെയുള്ള ചര്‍ച്ചകള്‍ ഉണ്ടാകണം. ഒരു സംവിധായകനെ സംബന്ധിച്ച് ഇത്തരം ചര്‍ച്ചകള്‍ വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഒരുപാട് പരിമിതികളില്‍ നിന്ന് ചെയ്ത ചിത്രമാണ് മൈ നെയിം ഈസ് അഴകന്‍. ഒടിടി പ്ലാറ്റ്‌ഫോം പടം വാങ്ങിയതുകൊണ്ടാണ് അത് പ്രേക്ഷകരില്‍ എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ താരമൂല്യം നോക്കാതെ നല്ല കണ്ടന്റുള്ള ചെറിയ ചിത്രങ്ങളെ പിന്തുണയ്ക്കുന്നു എന്നത് സിനിമയ്ക്ക് നേട്ടമാണെന്നും സംവിധായകന്‍ പ്രതികരിച്ചു.

ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ സമദ് ട്രൂത്താണ് ചിത്രത്തിന്റെ നിര്‍മാണം. ബിനു തൃക്കാക്കരയ്ക്ക് പുറമേ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ജോളി ചിറയത്ത്, ടിനിടോം, ജാഫര്‍ ഇടുക്കി, സുധി കോപ്പ, ബൈജു എഴുപുന്ന, കൃഷ്ണപ്രഭ എന്നിവരാണ് മറ്റഭിനേതാക്കള്‍. ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, സന്ദീപ് സുധ എന്നിവരുടെ ഗാനങ്ങള്‍ക്ക് ദീപക് ദേവ്, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്ന് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു കടവൂര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ അരീബ് റഹ്‌മാന്‍ എന്നിവരാണ്. പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്.