സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു!! മലയാള സിനിമയുടെ തീരാനഷ്ടം

ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന്‍ സിദ്ദീഖ് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സിദ്ദീഖ് വിടപറഞ്ഞത്.

സിദ്ദീഖിനെ കാണാന്‍ അടുത്ത സുഹൃത്തുക്കളെല്ലാം ആശുപത്രിയിലേക്ക് എത്തിയിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും സിദ്ദീഖ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകവും ആരാധകരും.

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഫ്രണ്ട്‌സ്, ബോഡി ഗാര്‍ഡ്… തുടങ്ങി ഒരുപിടി ഹിറ്റുകളാണ് സിദ്ദീഖ് മലയാളിയ്ക്ക് സമ്മാനിച്ചത്. എത്രകണ്ടാലും മതിവരാത്ത കുടുകുടെ ചിരിപ്പിച്ചിട്ടുള്ള സിനിമകളാല്‍ സിദ്ദീഖ് അനശ്വരമായിരിക്കുകയാണ്.

ന്യൂമോണിയയും കരള്‍ രോഗബാധയും ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം.
ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കരള്‍ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് മുറിയിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. പെട്ടന്നാണ് ഹൃദയാഘാതമുണ്ടായത്.


സിദ്ദീഖിനെ കാണാന്‍ അടുത്ത സുഹൃത്തായ ലാലും മേജര്‍ രവിയും ആശുപത്രിയിലെത്തിയിരുന്നു. ഡോക്ടര്‍മാര്‍ ഇപ്പോള്‍ അവരുടെ കുടുംബത്തിനൊപ്പം സംസാരിക്കുന്നുണ്ട്. ബാക്കി നമുക്ക് പ്രാര്‍ഥിക്കാമെന്നേ പറയാന്‍ പറ്റൂ, എന്നാണ് മേജര്‍ രവി പറഞ്ഞത്.

ശ്വാസമെടുക്കാന്‍ തടസ്സമുണ്ട്. ക്രിയാറ്റിനും കൂടിയിട്ടുണ്ട്. ക്രിട്ടിക്കല്‍ ഐസിയുവിലാണ് അദ്ദേഹം. അതുകൊണ്ട് കാണാന്‍ പറ്റിയില്ല. മൂന്ന് ദിവസം മുമ്പ് തിരിച്ചു റൂമില്‍ വന്നതാണ്. അപ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അതാണ് ആരോഗ്യം തീരെ മോശമാകാന്‍ കാരണം. കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ ഒരു പരിപാടിക്കിടെയില്‍ വച്ച് കണ്ടിരുന്നു. അന്ന് ആ ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടത്, മേജര്‍ രവി വ്യക്തമാക്കിയിരുന്നു.