‘സംവിധായകൻ പീഡിപ്പിക്കാൻ ശ്രമിച്ചു’ നടി സിനിമ ഉപേക്ഷിച്ചു’ ; ആരോപണവുമായി ബിസ്മി 

ന‌‌ടൻ മൻസൂർ അലി ഖാൻ നടി തൃഷയ്‌ക്കെതിരെ നടത്തിയ പരാമർശം തമിഴകത്ത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ലിയോ സിനിമയിൽ തൃഷയ്‌ക്കൊപ്പം കിടപ്പറ രം​ഗം നഷ്ട‌പ്പെട്ടു എന്നായിരുന്നു നടന്റെ പരാമർശം. ഇതിനെതിരെ തൃഷ തന്നെ രംഗത്തെത്തിയതോടെ മൻസൂർ അലിഖാനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. നിരവധി പേർ തൃഷയ്ക്ക് പിന്തുണയുമായി എത്തി. ഇതിനു പിന്നാലെ തമിഴ് സിനിമയിൽ നായികമാർക്ക് നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളടക്കം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതിനിടെ സംവിധായകൻ സീനു രാമസ്വാമിക്കെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത മാധ്യമപ്രവർത്തകനായ ബിസ്മി. സംവിധായകന്റെ പീഡനങ്ങൾ കാരണം ഒരു നടി സിനിമയിൽ നിന്നും മാറി നിൽക്കാൻ കാരണമായി എന്നാണ് ബിസ്മിയുടെ വെളിപ്പെടുത്തൽ. തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് സീനു രാമസാമി. റിയലിസ്റ്റിക്ക് സിനിമകളൊരുക്കി പേരെടുത്തിട്ടുള്ള സംവിധായകാരിൽ ഒരാളാണ് അദ്ദേഹം. കൂടൽ നഗർ എന്ന സിനിമാ ഒരുക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം.

അതിനു ശേഷം വിജയ് സേതുപതി നായകനാക്കി ഒരുക്കിയ തെന്മേർക്കു പരുവകാട്ര് എന്ന ചിത്രം ദേശീയ അവാർഡ് അടക്കം സ്വന്തമാക്കിയിരുന്നു. കൂടാതെ, നീപർവൈ, ധർമ്മദുരൈ, മാമനിതൻ തുടങ്ങിയ ശ്രദ്ധേയ സിനിമകളും സംവീധാനത്തിൽ ഒരുങ്ങിയതാണ്. ദേശീയ അവാർഡ് നേട്ടത്തിന് ശേഷം വിജയ് സേതുപതിയെ വെച്ച് മൂന്ന് സിനിമകൾ കൂടി സീനു രാമസ്വാമി ഒരുക്കിയിരുന്നു. അതിൽ ആദ്യം ചെയ്തത് ഇടം പൊരുൾ യെവൾ എന്ന സിനിമയാണ്. വിജയ് സേതുപതി നായകനായ ചിത്രത്തിൽ ഐശ്വര്യ രാജേഷ് ആയിരുന്നു നായികയായി എത്തിയത്. എന്നാൽ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ ആദ്യം അഭിനയിച്ചത് മനീഷ യാദവ് എന്ന നടിയാണെന്ന് ബിസ്മി പറയുന്നു. സീനു രാമസ്വാമിയിൽ നിന്നും ലൈംഗികാതിക്രമം ഉൾപ്പടെ നേരിടേണ്ടി വന്നതോടെ ഒരാഴ്ചയ്ക്ക് ശേഷം നടി സിനിമയിൽ നിന്നും പിന്മാറുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിസ്മിയുടെ വെളിപ്പെടുത്തൽ.

നടി മനീഷ യാദവ് സീനു രാമസാമി സംവിധാനം ചെയ്ത ഇടം പൊരുൾ യെവൾ എന്ന സിനിമയിൽ അഭിനയിക്കാൻ പോയിരുന്നു. കൊടൈക്കനാലിലായിരുന്നു സിനിമയുടെ ചിത്രീകരണം. അവിടെ വെച്ച് സീനു രാമസ്വാമി നടിയെ ഉപദ്രവിച്ചു. അതിനാൽ അവർ ഒരാഴ്ചയിൽ കൂടുതൽ ആ സിനിമയിൽ അഭിനയിച്ചില്ല. സിനിമ വേണ്ടെന്ന് വെച്ച് തിരികെ പോന്നു. അതിനു ശേഷം അവർ എന്നെ വിളിച്ച് സീനു രാമസ്വാമിയിൽ നിന്നും നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞു. അതിന്റെ തെളിവുകളടക്കം എന്റെ കയ്യിലുണ്ട്. ഇത് സംവിധായകൻ സീനു രാമസ്വാമിയുടെ മറ്റൊരു മുഖമാണ്. ഒരു ഘട്ടത്തിൽ, മനീഷ സിനിമ തന്നെ ഉപേക്ഷിക്കാൻ ഒരുങ്ങിയതാണ്. പല സംവിധായകരും ഇതേ രീതിയിൽ പെരുമാറാറുണ്ട്”, ബിസ്മി അഭിമുഖത്തിൽ പറഞ്ഞു. അതേസമയം ആരോപണങ്ങളിൽ എത്ര സത്യമുണ്ടെന്ന് വ്യക്തമല്ല. സംവിധായകനും ഇതുവരെ ആരോപണത്തിനെതിരെ പ്രതികരിച്ചിട്ടില്ല. ബാലാജി ശക്തിവേലിന്റെ വഴക് എൻ 18/9 എന്ന ചിത്രത്തിലൂടെയാണ് മനീഷ യാദവിന്റെ സിനിമ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയ നടി തമിഴിൽ പിന്നീട് ഒരുപിടി സിനിമകളിൽ അഭിനയിച്ചു. ജന്നൽ ഓരം, ആടാൽ കാതൽ ചേവീർ, പട്ടായ കേൾപ്പാനും പാണ്ഡ്യ, തൃഷ ഇല്ലാന നയൻതാര, ഒരു കൂപ്പൈ കതൈ എന്നിവയാണ് മനീഷയുടെ മറ്റു സിനിമകൾ