മമ്മൂക്ക ഞെട്ടിച്ചു കളഞ്ഞെന്ന് ബേസിൽ; ഗൾഫ് രാജ്യങ്ങൾ ആലോചിക്കട്ടെയെന്ന് ജിയോ ബേബി

ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ചിത്രമാണ് കാതൽ. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് കാതൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.  മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.  അതേസമയം ചിത്രം പ്രദർശിപ്പിക്കുന്നതിന് ഖത്തർ കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയിരുന്നു. കാതലിന്റെ ഉള്ളടക്കത്തെ തുടർന്നാണ് വിലക്കേർപ്പെടുത്തയത്. ചിത്രത്തിലെ പ്രമേയം അറബ് രാജ്യങ്ങളുടെ മൂല്യങ്ങൾക്ക് വിരുദ്ധമായ ആശയമാണെന്ന വിലയിരുത്തലിൽ ആയിരുന്നു ഇത്. ഖത്തർ കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളാണ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ഒമാൻ, ബഹറിൻ തുടങ്ങിയ രാജ്യങ്ങളിലെ സെൻസർ ബോർഡുകളും പ്രദർശിപ്പിക്കാൻ അനുമതി നൽകിയിരുന്നില്ല. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. 2018ൽൽ ഇന്ത്യ നിയമങ്ങൾ മാറ്റിയെഴുതിയെന്നും ഗർഫ് രാജ്യങ്ങൾ വിലക്കിനെ പറ്റി സ്വയം ആലോചിക്കട്ടെയെന്നും ജിയോ ബേബി പറഞ്ഞു. തിയേറ്ററിൽ നിന്നും ഇറങ്ങിയതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം കാതലിന് മികച്ച അഭിപ്രായമാണ് ആദ്യ ദിവസം കിട്ടുന്നത്. മാത്യു ദേവസി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മറ്റൊരു സൂപ്പർ താരത്തിനും ധൈര്യം ലഭിക്കില്ലെന്നും പ്രകടനത്തിൽ വീണ്ടും വീണ്ടും ഞെട്ടിക്കാൻ ഇദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നു എന്നുമാണ് ആരാധകർ ചോദിക്കുന്നത്. സിനിമ കണ്ടിറങ്ങിയ ബേസിൽ ജോസഫിനും മറിച്ചായിരുന്നില്ല അഭിപ്രായം. കാതൽ മികച്ച ഒരു സിനിമയാണെന്നും മമ്മൂക്ക ഞെട്ടിച്ചു കളഞ്ഞെന്നുമായിരുന്നു ബേസിലിന്റെ പ്രതികരണം. നല്ല സിനിമയാണ്. മമ്മൂക്ക ഒരു രക്ഷയുമില്ല. ഞെട്ടിച്ചു കളഞ്ഞു. ഭയങ്കര റെലവന്റായിട്ടുള്ള സബ്ജക്ട് ആണ്. അത് വളരെ വൃത്തിയായി എടുത്തിട്ടുമുണ്ട്. ഉഗ്രൻ സിനിമയെന്ന് തന്നെ പറയാം. ഭയങ്കര സീരിയസായിട്ടുള്ള, സെൻസിറ്റീവ് ആയ ഒരു സബ്ജക്ടിനെ വളരെ വൃത്തിയായി കമ്യൂണിക്കേറ്റ് ചെയ്തിട്ടുണ്ട്. മമ്മൂക്കയും ജ്യോതിക മാമും ജിയോ ചേട്ടനും പോൾസണും ആദർശും എല്ലാവരും കയ്യടി അർഹിക്കുന്നുണ്ട്.

മമ്മൂക്കയുടെ കാര്യം പറഞ്ഞാൽ ഭയങ്കര അച്ചീവ്മെന്റാണ് ഇങ്ങനെയൊരു സിനിമ ചെയ്യാനുള്ള മനസ് കാണിക്കുക എന്നത് നമ്മൾ അംഗീകരിച്ചു കൊടുത്തേ പറ്റൂ. ഭയങ്കര ഭംഗിയായി അദ്ദേഹം അത് ചെയ്തിട്ടുമുണ്ട്. സിനിമ കാണുമ്പോൾ നമ്മൾ ഇമോഷണലാകും. നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റും, ബേസിൽ പറഞ്ഞു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമാണ് കാതൽ. വർഷങ്ങൾക്കു ശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ മമ്മൂക്ക അവതരിപ്പിക്കുന്ന മാത്യു ദേവസ്സി എന്ന കഥാപാത്രം തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിക്കുന്ന പോസ്റ്ററുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാതലിലെ മറ്റു പ്രധാന വേഷങ്ങളിൽ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർഷ് സുകുമാരൻ തുടങ്ങിയവർ അഭിനയിക്കുന്നു.