‘ഡോ. രമയുമായി വ്യക്തിപരമായ അടുപ്പമുണ്ട്’ ഓര്‍മ്മകളുമായി ഇടവേള ബാബു

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ തിരക്കില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്നും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം മനോരമയ്ക്ക് നല്‍കിയ…

നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമ തിരക്കില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ ശ്രദ്ധിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്നും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്മെന്റില്‍ ഉന്നതസ്ഥാനത്തു പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാന്‍ രമചേച്ചി എന്ന് വിളിക്കുന്ന ഡോ.രമയുമായി എനിക്ക് വ്യക്തിപരമായ അടുപ്പമുണ്ട്. എന്റെ അമ്മാവന്‍ ഫൊറന്‍സിക് ഡോക്ടര്‍ ആയിരുന്നു. അമ്മാവന്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ഥിനി ആയിരുന്നു രമ ചേച്ചി. ഞാന്‍ എന്ത് അത്യാവശ്യം വന്നാലും ചേച്ചിയെ വിളിക്കും. വളരെ പ്രഗത്ഭയായ ഡോക്ടറും വളരെ നല്ല വ്യക്തിത്വത്തിന് ഉടമയുമായിരുന്നു ചേച്ചി.

ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് എന്ത് അത്യാവശ്യം വന്നാലും ചേച്ചി സഹായിക്കാറുണ്ടായിരുന്നു. കലാഭവന്‍ മണി അന്തരിച്ചപ്പോള്‍ ആലപ്പുഴയോ തൃശൂരോ മെഡിക്കല്‍ കോളജില്‍ വച്ച് പോസ്റ്റ്മോര്‍ട്ടം നടത്തണം എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ രമചേച്ചിയെ വിളിച്ചു. ചേച്ചിയാണ് തൃശൂരില്‍വച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ സഹായം ചെയ്തു തന്നത്. ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു. ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു. ചേച്ചിയുടെ വേര്‍പാട് താങ്ങാനുള്ള ശക്തി ജഗദീഷേട്ടനും മക്കള്‍ക്കും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നുവെന്നും ‘ഇടവേള ബാബു പറഞ്ഞു.