‘സ്‌ക്രീനില്‍ ഞാന്‍ ഭയങ്കര കാമുകനാണ്’ ; ‘ജീവിതത്തിൽ അങ്ങനെയല്ലെ’ന്ന് ഇമ്രാൻ ഹാഷ്മി 

ആഷിഖ് ബനായ അപ്നേ എന്ന ഗാനം തൊണ്ണൂറുകളിലെ പിള്ളേർടെ ഹരം തന്നെയായിരിന്നു. അതുപോലെ തന്നെ ഈ ഗാനരംഗത്തിൽ അഭിനയിച്ച നായകൻ ഇമ്രാൻ ഹാഷ്മിയും യുവാക്കളുടെ പ്രിയപ്പെട്ട താരവുമാണ്. ബോളിവുഡിലെ റൊമാന്റിക് ഹീറോ എന്ന വിശേഷണം എന്തുകൊണ്ടും ഇമ്രാന്‍ ഹാഷ്മിക്ക് ചേരും. ബോളിവുഡിലെ സീരിയല്‍ കിസ്സര്‍ എന്നും സ്ലോപ്പി കിസ്സർ എന്നും ആരാധകര്‍ വിളിക്കുന്ന ഇമ്രാന്‍ ഹാഷ്മിയുടെ സിനിമകള്‍ ചുംബന രംഗങ്ങളാലും തീവ്ര പ്രണയ രംഗങ്ങളാലും സമ്പന്നമാണ്. ഒന്നുകിൽ രണ്ട് നായികമാർക്കിടയിലെ ഒരു നായകൻ അല്ലെങ്കിൽ നായികയുടെ രണ്ട് നായകന്മാരിൽ ഒരാൾ ഇമ്രാന്റെ മിക്ക സിനിമകളിലെയും കഥാപാത്രങ്ങൾ ഇങ്ങനെയൊക്കെ തന്നെയായിരിക്കും. കഥാപാത്രം എന്ത് തരത്തിൽ ഉള്ളതായാലും ഇമ്രാന്റെ ആരാധകർക്ക് അതൊരു പ്രശ്നമേ അല്ലാ. ഇമ്രാന്റെ സിനിമകളെ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. പക്ഷെ സ്‌ക്രീനില്‍ നായികയ്ക്ക് പിന്നാലെ നടക്കുന്ന റൊമാന്റിക് ഹീറോയൊക്കെ ആണെങ്കിലും ഓഫ് സ്‌ക്രീനില്‍ അങ്ങനെ ഒരാളേയല്ല ഇമ്രാന്‍ ഹാഷ്മി എന്നതാണ് വാസ്തവം. പര്‍വീണ്‍ ഷഹാനിയാണ് ഇമ്രാന്റെ ഭാര്യ. ഇരുവരും കുട്ടിക്കാലം മുതലുള്ള പ്രണയമാണ്. സിനിമയിലേക്ക് എത്തുന്നതിനും ഒരുപാട് മുമ്പ് തന്നെ ആരംഭിച്ച പ്രണയം. എന്നാല്‍ തന്റെ നായകന്മാരെ പോലെ പ്രണയം മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രകടിപ്പിക്കാന്‍ ഇമ്രാന്‍ ഹാഷ്മി മടി കാണിച്ചു.

പരസ്പര ബഹുമാനത്തോടെയും പിന്തുണയോടെയും മുന്നോട്ട് പോവുകയാണ് ഇരുവരും. ഹൈസ്‌കൂള്‍ കാലത്തുള്ളതാണ് ഇമ്രാനും പര്‍വീണും തമ്മിലുള്ള പ്രണയം. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മരുമകനാണ് ഇമ്രാന്‍ ഹാഷ്മി. നടി ആലിയ ഭട്ട് ഇമ്രാന്റെ കസിനാണ്. 2002ല്‍ മഹേഷ് ഭട്ടിന്റെ സംവിധാന സഹായിയാട്ടാണ് ഇമ്രാന്‍ ഹാഷ്മി സിനിമയിലെത്തുന്നത്. പിന്നീട് ഫൂട്ട്പാത്ത് എന്ന ചിത്രത്തിലൂടെ അരങ്ങേറി. പക്ഷെ ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്‌സ് ഓഫീസില്‍ നേടിയില്ല. കരിയറിന്റെ തുടക്കകാലത്ത് സിനിമകൾ ഒന്നും ശരിയാകാതെ വന്ന സമയത്തെല്ലാം ഇമ്രാന് പിന്തുണയുമായി പര്‍വ്വീണ്‍ കൂടെ തന്നെയുണ്ടായിരുന്നു. എന്നാൽ 2004 ല്‍ പുറത്തിറങ്ങിയ മര്‍ഡറിലൂടെയാണ് ഇമ്രാന്‍ താരമാകുന്നത്. മല്ലിക ഷെരാവത്ത് ആയിരുന്നു ചിത്രത്തിൽ ഇമ്രാന്റെ നായികാ ആയെത്തിയത്. മര്‍ഡര്‍ നൂറ് ദിവസം ബോക്‌സ് ഓഫീസില്‍ ഓടിയ ചിത്രമാണ്. ഇതോടെ ഇമ്രാന്‍ താരമായി മാറുകയും ചെയ്തു.

പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇമ്രാനും പര്‍വ്വീണും അന്തര്‍മുഖരായ വ്യക്തികളാണ്. വളരെ സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 2006 ലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തിരുന്നത്. ഇരുവരുടേയും വിവാഹത്തിന്റെ ചിത്രം പോലും ആരാധകര്‍ക്ക് കാണാന്‍ സാധിച്ചിട്ടില്ല. താന്‍ ജീവിതത്തില്‍ തീര്‍ത്തും അണ്‍റൊമാന്റിക് ആണെന്നാണ് ഇമ്രാന്‍ തന്നെ പറഞ്ഞിട്ടുള്ളത്. സ്‌ക്രീനില്‍ ഞാന്‍ ഭയങ്കര കാമുകനാണ്. പക്ഷെ എന്നെ വിശ്വസിക്കൂ ഞാന്‍ ഒട്ടും റൊമാന്റിക് അല്ല. വിവാഹ ശേഷം ഞാന്‍ അവള്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കിയിട്ടില്ല. ഞാനവളെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനും കൊണ്ടു പോയിട്ടില്ല.” എന്നാണ് തന്നിലെ കാമുകനെക്കുറിച്ച് ഒരിക്കല്‍ ഇമ്രാന്‍ തന്നെ പറഞ്ഞിട്ടുള്ളത്. ഇമ്രാന്റെ സിനിമകള്‍ ചുംബന രംഗങ്ങളാല്‍ ശ്രദ്ധേയമാണ്. എന്നാല്‍ താന്‍ ഓണ്‍ സ്‌ക്രീനില്‍ ഓരോ തവണ ചുംബിക്കുമ്പോഴും ഭാര്യയ്ക്ക് വില കൂടിയ ബാഗ് സമ്മാനിക്കുമെന്നാണ് ഒരിക്കല്‍ ഇമ്രാന്‍ പറഞ്ഞത്. ”ഞാന്‍ അവള്‍ക്ക് ബാഗുകള്‍ വാങ്ങും. ഓരോ ചുംബന രംഗത്തിനും ഒരോ ബാഗ്. അങ്ങനെ അവള്‍ക്കിപ്പോള്‍ ഒരു കബോര്‍ഡ് നിറയെ ബാഗുകളാണ്” എന്നാണ് ഇമ്രാന്‍ പറഞ്ഞത്.