ഹൈറേഞ്ചിലൂടെ ഒരു അപ്രതീക്ഷിത യാത്ര!! റിലീസിന് ഒരുങ്ങി ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’

മാതാ ഫിലിംസിന്റെ ബാനറില്‍ ഷിജു പനവൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രം ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ’ തിയ്യേറ്ററിലേക്ക്. മാര്‍ച്ച് 22നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

പത്മരാജ് രതീഷ്, രേണു സൗന്ദര്‍, പൗളി വത്സന്‍, ഷിജു പനവൂര്‍, അരിസ്റ്റോ സുരേഷ്, കണ്ണന്‍ സാഗര്‍, ജീന്‍ വി ആന്റോ, ഷിബു ലാബാന്‍, സജി വെഞ്ഞാറമൂട്, അമ്ബൂരി ജയന്‍, ശിവമുരളി, നാന്‍സി എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നത്.

മഞ്ഞ് മൂടിയ ഒരു രാത്രിയില്‍ ഒരു ബസ്സിന് മുന്‍പിലേക്ക് എടുത്ത് ചാടുന്ന അമ്മുവും അഞ്ച് വയസ്സുകാരിയായ മകള്‍ മിന്നുവും. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുന്നു. തുടര്‍ന്ന് ഇതേ ബസില്‍ യാത്ര തുടരുന്ന അവര്‍ അപരിചിതനായ ഒരു വ്യക്തിയെ പരിചയപ്പെടുന്നു. ഇയാള്‍ ഈ യാത്രയില്‍ പല തരത്തിലും ഇവരെ സഹായിക്കുന്നുണ്ട്. ഇയാളുടെ പ്രവൃത്തികളില്‍ മുഴുവന്‍ ദുരൂഹതയാണ്.

ഹൈറേഞ്ചിലേക്ക് പോകുന്ന ബസ് യാത്രയില്‍ നിരവധി അപകടങ്ങള്‍ തരണം ചെയ്യുന്നു. ഹൈറേഞ്ചിലെത്തിയ ബസില്‍ നിന്നും അമ്മുവിനും മിന്നുവിനുമൊപ്പം മാധവനും ഇറങ്ങുന്നു. തുടര്‍ന്ന് നടക്കുന്ന ദുരൂഹമായ സംഭവ വികാസങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.

നിര്‍മാണം- എ വിജയന്‍, ട്രിനിറ്റി ബാബു, ബല്‍രാജ് റെഡ്ഢി ആര്‍, ക്രിസ്റ്റിബായി സി. ഛായാഗ്രഹണം- ജഗദീഷ് വി വിശ്വം, എഡിറ്റിംഗ്- അരുണ്‍ ആര്‍ എസ്, ഗാനരചന- സനില്‍കുമാര്‍ വള്ളിക്കുന്നം, സംഗീതം- രാജ്‌മോഹന്‍ വെള്ളനാട്, ആലാപനം- നജിം അര്‍ഷാദ്, അരിസ്റ്റോ സുരേഷ്, അഖില ആനന്ദ്, ശ്രീതു മോഹന്‍, സരിത സി ബാബു, റിലീസ്- മാതാ ഫിലിംസ്, പിആര്‍ഒ- അജയ് തുണ്ടത്തില്‍.