‘മധ്യവയസ്‌കനോട് യുവതിയ്ക്ക് തോന്നുന്ന പ്രണയം, കുറച്ചുകൂടി സമയമെടുത്ത് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമെന്നൊരു ചിന്ത’

ഭരതന്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച 1987 ലെ ഇന്ത്യന്‍ മലയാള ചിത്രമാണ് നീലക്കുറിഞ്ഞി പൂത്തപ്പോള്‍. സ്റ്റാന്‍ലി ഡോണന്‍ സംവിധാനം ചെയ്ത 1984 ലെ അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ബ്ലേം ഇറ്റ് ഓണ്‍ റിയോയുടെ അനുകരണമാണ് ഈ സിനിമ. സമകാലിക മിതവാദി കേരളീയ കുടുംബത്തിനും സാമൂഹിക സാമ്പത്തിക മൂല്യങ്ങള്‍ക്കും അനുസൃതമായി കഥാ വികസനവും വിശദാംശങ്ങളും പരിഷ്‌ക്കരിച്ചു. ഗിരീഷ് കര്‍ണാട്, നെടുമുടി വേണു, കാര്‍ത്തിക, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തി. കാവാലത്തിന്റെ വരികള്‍ക്ക് ജെറി അമല്‍ദേവിന്റെ സംഗീതം. ഈ ചിത്രത്തെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ കുറിപ്പാണ് വൈറലാകുന്നത്.

മധ്യവയസ്‌കനോട് യുവതിയ്ക്ക് തോന്നുന്ന പ്രണയമെന്ന പ്രമേയം ഈ ചിത്രമിറങ്ങുന്നതിന് ഒരു വര്‍ഷം മുന്‍പ് പുറത്തു വന്ന ഭാരതീ രാജയുടെ ശിവാജി ഗണേശന്‍-രാധ ചിത്രം മുതല്‍ മര്യാദയുടെ സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാകാമെന്ന് തോന്നുന്നുവെന്ന് സുനില്‍ കുമാര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. രണ്ടും നായകന്റെ മരണത്തിലവസാനിക്കുന്നവയാണെന്നും പറയുന്നു.

നീലക്കുറിഞ്ഞി പൂത്തപ്പോള്‍.. ജോണ്‍പോള്‍- ഭരതന്‍ കൂട്ടുകെട്ടിന്റെ മികവുറ്റ സൃഷ്ടി. പെട്ടെന്ന് ഒരുക്കേണ്ടിവന്ന ചിത്രമായതിനാല്‍ ‘നീലക്കുറിഞ്ഞി’യുടെ പൂര്‍ണതയില്‍ ഭരതന്‍ തൃപ്തനായിരുന്നില്ല എന്നാണ് അറിവ്. കുറച്ചുകൂടി സമയമെടുത്ത് ചെയ്തിരുന്നുവെങ്കില്‍ കൂടുതല്‍ നന്നാകുമെന്നൊരു ചിന്ത സൃഷ്ടാവിനുണ്ടായിരുന്നു.. നീണ്ട ഔദ്യോഗിക ജീവിതത്തിന് ശേഷം സുഹൃത്ത് ശിവരാമന്‍ നായരുടെ വീട്ടില്‍ കുറച്ചു നാള്‍ ചെലവഴിക്കാനെത്തുന്ന ലഫ്. കേണല്‍ അപ്പുണ്ണി മേനോന്‍ എന്ന ഏകാകിയും കര്‍ക്കശക്കാരനുമായ മുന്‍ പട്ടാള ഉദ്യോഗസ്ഥനും ശിവരാമന്‍ നായരുടെ മകള്‍ സന്ധ്യയ്ക്കുമിടയില്‍ നാമ്പിടുന്ന അസാധാരണമായ സ്‌നേഹത്തിന്റെ കഥയാണ് ചിത്രം.. പില്‍ക്കാലത്ത് ജ്ഞാനപീഠ ജേതാവായ വിഖ്യാത കന്നഡ എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണ്ണാടാണ് അപ്പുണ്ണിമേനോനായത്. നടന്‍ മുരളിയാണ് കര്‍ണ്ണാടിന് ശബ്ദം നല്‍കിയതെന്ന സവിശേഷതയുമുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

സന്ധ്യയെന്ന നായികാ കഥാപാത്രമായി തന്റെ ഹ്രസ്വ ചലച്ചിത്ര ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനം നല്‍കിയ കാര്‍ത്തികയാണ് ചിത്രത്തില്‍ ഏറ്റവും ആകര്‍ഷിക്കുക. നാം അധികം കണ്ടു ശീലിക്കാത്ത ഒരു ശ്രീനിവാസനെയും ഇതില്‍ കാണാം.. പ്രണയത്തിന് കാലമോ പ്രായമോ ഇല്ലെന്ന് പറയുന്ന ഒരു കാലാതീതസൃഷ്ടിയെന്നും പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നു