Home Film News ഇങ്ങനെ പോയാല്‍ മതത്തേയും മത-നേതൃത്വത്തേയും അവര്‍ വെറുക്കും…! ഫാത്തിമ തഹ്‌ലിയ

ഇങ്ങനെ പോയാല്‍ മതത്തേയും മത-നേതൃത്വത്തേയും അവര്‍ വെറുക്കും…! ഫാത്തിമ തഹ്‌ലിയ

മലപ്പുറം ജില്ലയില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ വേദിയില്‍ എത്തിയ പത്താംക്ലാസുകാരിയെ സംഘാടകര്‍ക്കും സദസ്സിനും മുന്‍പാകെ ‘പത്താം ക്ലാസ്സിലെ കുട്ടിയെ ആരാടോ ഇങ്ങോട്ട് വിളിച്ചത്? പെണ്‍കുട്ടികളെ ഒന്നും വിളിക്കാന്‍ പാടില്ല എന്ന് ക്ഷുഭിതനായി പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയെ അപമാനിച്ചു വിട്ട സംഭവത്തില്‍ മുതിര്‍ന്ന സമസ്ത നേതാവിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ‘ഹരിത’ മുന്‍ നേതാവും അഡ്വേക്കറ്റുമായ ഫാത്തിമ താഹ്‌ലിയ.

ഇത്തരത്തില്‍ വിവേചനം കാണിച്ച് ഇവരെ മാറ്റി നിര്‍ത്തിയാല്‍ അത് ഭാവിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഫാത്തിമ താഹ്‌ലിയ തന്റ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഫാത്തിമ തന്റെ കുറിപ്പ് പങ്കുവെച്ചത്. അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ലെന്നും തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരു പാട് മുസ്ലിം പെണ്‍കുട്ടികളുള്ള നാടാണ് കേരളം എന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ന്യായാധിപരായും ഐ എ എസ്സുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നുണ്ട്.

ഈ അവസരത്തില്‍പോലും മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത് എന്നാണ് ഫാത്തിമ ചൂണ്ടിക്കാട്ടുന്നത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം എന്ന് അവര്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം, വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക എന്ന് കൂടി ഇവര്‍ കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.. എന്ന് കൂടി കുറിച്ചുകൊണ്ടാണ് ഫാത്തിമയുടെ കുറിപ്പ് അവസാനിക്കുന്നത്.

Exit mobile version