മോഹൻലാലിനോട് കഥ പറഞ്ഞിരുന്നു, പക്ഷേ നടന്നില്ല; സിനിമാ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ‘ഭീഷ്മപർവം’ തിരക്കഥാകൃത്ത്

മോഹൻലാലിനോട് കഥ പറഞ്ഞിരുന്നു, പക്ഷേ നടന്നില്ല; സിനിമാ അഭ്യൂഹങ്ങളിൽ പ്രതികരണവുമായി ‘ഭീഷ്മപർവം’ തിരക്കഥാകൃത്ത്

മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി തിരക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജി. മോഹൻലാലിനോട് കഥ പറഞ്ഞിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ ചിത്രം യാഥാർഥ്യമായില്ലെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ സംവാദത്തിനിടെയാണ് ദേവദത്തിന്റെ പ്രതികരണം. ‘എൽ’മായി ഒരു സിനിമയുണ്ടെന്ന് കേട്ടിരുന്നു. അതിന് എന്തെങ്കിലും സാധ്യതയുണ്ടോ?’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് മറുപടിയായി, ‘അദ്ദേഹത്തോട് കഥ പറഞ്ഞു. എന്നാൽ വർക്കൗട്ടായില്ല. അടുത്ത തവണ നോക്കാം’ എന്നായിരുന്നു ദേവദത്ത് കുറിച്ചത്. ഇതോടെ മോഹൻലാലിനെ നായകനാക്കിയുള്ള സിനിമാ ചർച്ചകൾക്ക് പിന്നിലെ വിവരങ്ങളും പുറത്തുവന്നു.

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിന്റെ തിരക്കഥയിൽ പങ്കാളിയായതോടെയാണ് ദേവദത്ത് ഷാജി ശ്രദ്ധേയനായത്. ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന സഹായിയായി സിനിമാരംഗത്തേക്കുള്ള തുടക്കം. പിന്നീട് ജഗദീഷ്, അശോകൻ, മനോജ് കെ. ജയൻ, സുധീഷ്, വിനീത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ധീരൻ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു. മികച്ച പ്രതികരണങ്ങൾ ലഭിച്ചെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല.

ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും ദേവദത്ത് തുറന്നുപറഞ്ഞു. രണ്ടാം പകുതിയിലെ എഴുത്തിലും അവതരണത്തിലുമുണ്ടായ പാളിച്ചകളാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും വ്യക്തമാക്കി. ‘ധീരന്’ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന് ചിത്രത്തിലെ സംഭാഷണം ഓർമിപ്പിച്ചുകൊണ്ടായിരുന്നു ദേവദത്തിന്റെ രസകരമായ മറുപടി. ‘അത്ര വലിയ ബന്ധങ്ങളിലേക്ക് പോണോ ശിവൻകുട്ടീ’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

അടുത്ത ചിത്രത്തിന്റെ എഴുത്തും സംവിധാനവും താൻ തന്നെയായിരിക്കുമെന്നും ദേവദത്ത് വെളിപ്പെടുത്തി. നിലവിൽ എഴുത്തും ചർച്ചകളും പുരോഗമിക്കുകയാണ്. മലയാളത്തിൽ ഒരു ചിത്രം വിജയകരമായി ഒരുക്കിയതിന് ശേഷമേ തമിഴിലേക്ക് കടക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. നടൻ നിവിനുമായി ചേർന്ന് പ്രവർത്തിക്കാൻ താത്പര്യമുണ്ടെന്നും ദേവദത്ത് പറഞ്ഞു. തനിക്ക് ഏറെ ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രമായി ‘സ്ഫടിക’ത്തെയും മമ്മൂട്ടി ചിത്രമായി ‘ഭൂതക്കണ്ണാടി’യെയുമാണ് ദേവദത്ത് തിരഞ്ഞെടുത്തത്. പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.