പ്രഭുദേവ, യോഗി ബാബു, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘മൂൺവാക്ക്’ സിനിമയുടെ ഔദ്യോഗിക ട്രെയ്ലർ പുറത്തിറങ്ങി. ബിഹൈൻഡ്വുഡ്സ് പ്രൊഡക്ഷൻസിന്റെ ആദ്യ ഫീച്ചർ ചിത്രമായ ‘മൂൺവാക്ക്’ ഡിസംബർ 24ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം എ.ആർ. റഹ്മാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതം, നൃത്തം, ഹാസ്യം എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകുന്ന മുഴുനീള കോമഡി എന്റർടെയ്നറായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയ്ലർ നൽകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ട്രെയ്ലർ പുറത്തിറക്കിയിരിക്കുന്നത്.
രസകരമായ രംഗങ്ങളും വ്യത്യസ്തമായ ഹാസ്യ മുഹൂർത്തങ്ങളും കൗതുകമുണർത്തുന്ന കഥാപാത്രങ്ങളുമാണ് ട്രെയ്ലറിന്റെ പ്രധാന ആകർഷണം. അവസാന ഭാഗത്ത് എ.ആർ. റഹ്മാൻ പറയുന്ന സംഭാഷണവും ശ്രദ്ധേയമാണ്. ‘നാല് പേർ സന്തോഷത്തോടെ ചിരിക്കുന്നുണ്ടെങ്കിൽ അതിൽ തെറ്റൊന്നുമില്ല’ എന്ന അർഥം വരുന്ന ‘നാലു പേരു സന്തോഷമാ സിരിക്കറാങ്കന്നാ, ഏതുവും തപ്പില്ല’ എന്ന വാക്കുകൾ ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചുള്ള സൂചന കൂടിയാണ്. ആളുകളെ ഒരുമിപ്പിക്കുകയും സന്തോഷം പകരുകയും ചെയ്യുന്ന ചിരിയുടെ പ്രാധാന്യമാണ് ഈ സംഭാഷണത്തിലൂടെ പങ്കുവെക്കുന്നത്.
ബിഹൈൻഡ്വുഡ്സിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മനോജ് നിർമല ശ്രീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബു 16 വ്യത്യസ്ത കഥാപാത്രങ്ങളായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. ഓരോ കഥാപാത്രപ്പകർച്ചയും പ്രേക്ഷകർക്ക് രസകരമായ അനുഭവങ്ങൾ സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. അജു വർഗീസ്, അർജുൻ അശോകൻ, സതീഷ് കുമാർ, നിഷ്മ ചെങ്കപ്പ, സുഷ്മിത നായക്, റെഡിൻ കിങ്സ്ലി, മൊട്ടൈ രാജേന്ദ്രൻ, ലോല്ലു സഭ സ്വാമിനാഥൻ, ദീപ ശങ്കർ, ഡോ. സന്തോഷ് ജേക്കബ്, രാംകുമാർ നടരാജൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
എ.ആർ. റഹ്മാന്റെ അതിഥിവേഷവും ‘മൂൺവാക്കിന്റെ’ പ്രധാന ആകർഷണമാണ്. ഇതിലൂടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിക്കുകയാണ്. പ്രഭുദേവയുടെ നൃത്തച്ചുവടുകൾക്കൊപ്പം റഹ്മാന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചേരുമ്പോൾ പ്രേക്ഷകർക്ക് വേറിട്ടൊരു ദൃശ്യ-സംഗീത വിരുന്നായിരിക്കും ചിത്രം സമ്മാനിക്കുക. യു/എ സർട്ടിഫിക്കേഷൻ ലഭിച്ച ചിത്രത്തിന്റെ നിർമാണം ബിഹൈൻഡ്വുഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മനോജ് നിർമല ശ്രീധരൻ, ദിവ്യ മനോജ്, പ്രവീൺ ഇലക് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരേസമയം ചിത്രം റിലീസ് ചെയ്യും. റോമിയോ പിക്ചേഴ്സിന്റെ രാഹുലാണ് ചിത്രത്തിന്റെ ആഗോള തിയേറ്റർ വിതരണത്തിന് നേതൃത്വം നൽകുന്നത്. വർഷാവസാനത്തെ ക്രിസ്മസ് അവധിക്കാല റിലീസായി ഡിസംബർ 24ന് തിയേറ്ററുകളിലെത്തുന്ന ‘മൂൺവാക്ക്’ സംഗീതവും നൃത്തവും ചിരിയും കോർത്തിണക്കിയ കുടുംബചിത്രമായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
