മക്കളോടുള്ള അമിതമായ സ്നേഹപ്രകടനങ്ങൾ പോലും ചിലപ്പോൾ അവർക്ക് അസ്വസ്ഥതയുണ്ടാക്കാമെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. ഇന്നത്തെ കുട്ടികളുടെ കാഴ്ചപ്പാടുകളും താൽപര്യങ്ങളും മുൻതലമുറയിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും അവരുടെ സ്വകാര്യ ഇടവും മാനസികാവസ്ഥയും മാതാപിതാക്കൾ മാനിക്കേണ്ടതുണ്ടെന്നും താരം പറഞ്ഞു. മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ്ങായ വ്യക്തി താനാണെന്നും ധ്യാൻ തമാശരൂപേണ കൂട്ടിച്ചേർത്തു.
പുതിയ ചിത്രമായ തേവർയുടെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
മക്കളെ അമിതമായി സ്നേഹിക്കുന്നതും ലാളിക്കുന്നതും എല്ലായ്പ്പോഴും അവർക്ക് സന്തോഷകരമാകണമെന്നില്ലെന്നാണ് ധ്യാന്റെ അഭിപ്രായം. തമാശകൾ പറയുമ്പോഴും അവരോട് ഇടപഴകുമ്പോഴും കുട്ടികളുടെ മൂഡ് ശ്രദ്ധിക്കേണ്ടതുണ്ട്. മകൾ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കുമ്പോൾ അടുത്തുചെന്ന് ശല്യപ്പെടുത്തിയാൽ ‘പ്ലീസ് ഡോണ്ട് ഡിസ്റ്റർബ്’ എന്നായിരിക്കും അവളുടെ പ്രതികരണം. കെട്ടിപ്പിടിക്കുമ്പോൾ പോലും അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്നും താരം പറഞ്ഞു.
പഴയകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കുട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുകളും സ്വകാര്യതയെക്കുറിച്ച് കൂടുതൽ ബോധവുമുണ്ട്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾ പോലും ചിലപ്പോൾ അവരുടെ വ്യക്തിപരമായ ഇടത്തിലേക്കുള്ള കടന്നുകയറ്റമായി തോന്നാം. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചെത്തുന്ന, അച്ഛൻ എന്ന പേരിലുള്ള ഒരാളായിട്ടാണ് മകൾ തന്നെ കാണുന്നതെന്നും ധ്യാൻ തമാശയോടെ പറഞ്ഞു.തന്റെ അഭിമുഖങ്ങളിലെ തുറന്നുപറച്ചിലുകൾ വീട്ടിലുള്ളവർക്കുപോലും അത്ര സ്വീകാര്യമല്ലെന്നും ധ്യാൻ വെളിപ്പെടുത്തി. അഭിമുഖങ്ങളിൽ വായിൽ തോന്നുന്നതെല്ലാം വിളിച്ചുപറയുന്ന തന്റെ രീതി ക്രിഞ്ചും അലമ്പുമാണെന്നാണ് അമ്മയും ഭാര്യയും മകളും ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. പുറത്തുപോകുമ്പോൾ പോലും ശ്രദ്ധിച്ച് സംസാരിക്കണമെന്ന് അമ്മ ഉപദേശിക്കാറുണ്ടെന്നും താരം പറഞ്ഞു. തനിക്ക് വീട്ടിൽ വലിയ വിലയൊന്നുമില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളെക്കുറിച്ച് ധ്യാൻ തമാശയായി പറഞ്ഞത്. എന്നാൽ അവരുടെ വിമർശനങ്ങളിൽ കാര്യമുണ്ടെന്നും താരം സമ്മതിച്ചു.
