കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെ അഭിനയ ജീവിതവും സിനിമകളും ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡി നിറോ, അൽ പാച്ചിനോ എന്നിവരേക്കാൾ വലുതാണെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. ആഗോള സിനിമാ ചർച്ചകളിൽ ഇന്ത്യൻ അഭിനേതാക്കൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ ഫരീദൂൺ ഷഹ്രിയാറിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി വാങ്ക ഇക്കാര്യം വ്യക്തമാക്കിയത്. “കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരുടെ സിനിമകളും അഭിനയ ജീവിതവും നോക്കുമ്പോൾ, അൽ പാച്ചിനോയേക്കാളും റോബർട്ട് ഡി നിറോയേക്കാളും വലിയ നേട്ടങ്ങളാണ് നമ്മുടെ താരങ്ങൾക്കുള്ളതെന്ന് എനിക്ക് തോന്നുന്നു,” അദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിഹാസങ്ങളായ പാച്ചിനോയെയും നിറോയെയും താഴ്ത്തിക്കെട്ടാനല്ല താൻ ശ്രമിക്കുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുന്ന ഏക ഘടകം സിനിമാ പോസ്റ്ററുകളുടെ ഗുണനിലവാരമില്ലായ്മയാണെന്നും വാങ്ക ചൂണ്ടിക്കാട്ടി. “ഇന്ത്യൻ സിനിമാ പോസ്റ്ററുകളുടെ നിലവാരം മോശമാണെന്നത് മാത്രമാണ് ഏക പ്രശ്നം. ഈ നടന്മാരുടെ നിരവധി ഇഷ്ടചിത്രങ്ങൾ എനിക്കുണ്ട്. പക്ഷേ, അവയുടെ പോസ്റ്ററുകൾ മികച്ചതല്ല. അവരുടെ അഭിനയ ജീവിതവും, ചെയ്ത സിനിമകളുടെ എണ്ണവും, വ്യത്യസ്ത കഥാപാത്രങ്ങളും കാണുമ്പോൾ നമ്മുടെ താരങ്ങൾ അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് തോന്നും,” അദ്ദേഹം വ്യക്തമാക്കി.
മുമ്പും ഇന്ത്യൻ അഭിനേതാക്കളെ ഹോളിവുഡ് താരങ്ങളുമായി സന്ദീപ് റെഡ്ഡി വാങ്ക താരതമ്യം ചെയ്തിരുന്നു. 2023-ൽ ‘അനിമൽ’ സിനിമയുടെ പ്രചാരണ വേളയിൽ, നായകൻ രൺബീർ കപൂറിനെ ‘റോബർട്ട് ഡി നിറോ, അൽ പാച്ചിനോ, കമൽ ഹാസൻ എന്നിവരുടെ മിശ്രിതം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 2017-ൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’യിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന സന്ദീപ് റെഡ്ഡി വാങ്ക, തുടർന്ന് ‘കബീർ സിങ്’, ‘അനിമൽ’ എന്നീ ചിത്രങ്ങളൊരുക്കി. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് അദ്ദേഹം ഇപ്പോൾ.
