‘ഒറ്റനോട്ടത്തിൽ ധനുഷ് തന്നെ’; രജനിക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ യാത്ര; ചിത്രം പങ്കുവച്ച് ഐശ്വര്യ

‘ഒറ്റനോട്ടത്തിൽ ധനുഷ് തന്നെ’; രജനിക്കൊപ്പം സ്റ്റൈലിഷ് ലുക്കിൽ യാത്ര; ചിത്രം പങ്കുവച്ച് ഐശ്വര്യ

സംവിധായികയായ ഐശ്വര്യ രജനികാന്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സൂപ്പർതാരം രജനികാന്തും കൊച്ചുമകൻ യാത്രയുമാണ് ചിത്രത്തിലുള്ളത്. ഇരുവരും ഒരുമിച്ച് നടക്കുന്നതിന്റെ സ്റ്റൈലിഷ് ചിത്രമാണ് ഐശ്വര്യ പുറത്തുവിട്ടത്.

തവിട്ട് നിറത്തിലുള്ള ടി-ഷർട്ടും കറുത്ത ട്രൗസറും കറുത്ത സ്പോർട്സ് ക്യാപ്പും ധരിച്ചാണ് രജനികാന്ത് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുത്തച്ഛനൊപ്പം പൂർണ്ണമായും വെള്ള വസ്ത്രത്തിലാണ് യാത്രയുള്ളത്.

ചിത്രം വൈറലായതോടെ യാത്രയുടെ ലുക്കിനെക്കുറിച്ച് നിരവധി കമന്റുകളാണ് ആരാധകർ പങ്കുവയ്ക്കുന്നത്. ഒറ്റനോട്ടത്തിൽ യാത്രയെ കണ്ടാൽ നടൻ ധനുഷ് ആണെന്നേ തോന്നൂ എന്നും ധനുഷിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ ഇനി യാത്ര മതിയെന്നുമാണ് പലരും കുറിക്കുന്നത്.

ധനുഷിന്റെയും ഐശ്വര്യയുടെയും മൂത്ത മകനാണ് യാത്ര. ലിംഗയാണ് രണ്ടാമത്തെ മകൻ. രജനികാന്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ‘ലാൽ സലാം’ ആണ് ഐശ്വര്യ സംവിധാനം ചെയ്ത അവസാന ചിത്രം. സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ‘ടെക്സ്‌ല’യാണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.