‘റൗഡി ബേബി’ ചിത്രീകരണം ഇപ്പോഴും ട്രോമയാണ്, ധനുഷ് സാർ പെടുത്തിയത് പോലെയാണ് തോന്നിയത്; വെളിപ്പെടുത്തലുമായി സായ് പല്ലവി

‘റൗഡി ബേബി’ ചിത്രീകരണം ഇപ്പോഴും ട്രോമയാണ്, ധനുഷ് സാർ പെടുത്തിയത് പോലെയാണ് തോന്നിയത്; വെളിപ്പെടുത്തലുമായി സായ് പല്ലവി

‘മാരി 2’വിലെ സൂപ്പർഹിറ്റ് ഗാനം ‘റൗഡി ബേബി’യുടെ ചിത്രീകരണ അനുഭവങ്ങൾ ഇപ്പോഴും തനിക്ക് വലിയ സമ്മർദമുണ്ടാക്കുന്ന ഓർമയാണെന്ന് നടി സായ് പല്ലവി. ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ചും നൃത്തച്ചുവടുകൾ പഠിക്കാനുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും താരം തുറന്നുപറഞ്ഞു. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് സായ് പല്ലവിയുടെ വെളിപ്പെടുത്തൽ.
ലളിതമായ നൃത്തച്ചുവടുകളായിരിക്കും ഗാനത്തിൽ ഉണ്ടാകുകയെന്നാണ് ആദ്യം കരുതിയിരുന്നതെന്നും എന്നാൽ ചിത്രീകരണം തുടങ്ങിയതോടെ പ്രതീക്ഷകൾ മാറിയെന്നും സായ് പല്ലവി പറഞ്ഞു. ധനുഷ് എളുപ്പമുള്ള ചുവടുകളായിരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രഭുദേവ മാസ്റ്റർ എത്തിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായെന്നും താരം ഓർത്തെടുത്തു.

ഗാനത്തിന്റെ റിഹേഴ്‌സലിനിടെ പലതവണ നൃത്തച്ചുവടുകൾ മാറ്റേണ്ടി വന്നത് വലിയ സമ്മർദമുണ്ടാക്കി. തനിക്ക് ചെയ്യാനുള്ള സ്റ്റെപ്പുകൾ കാണാൻ പോലും ഒളിഞ്ഞുനോക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും അത് മനസിലാക്കിയ അണിയറപ്രവർത്തകർ താൻ കാണാത്ത ദൂരത്തുപോയി കൊറിയോഗ്രാഫി പരിശീലിക്കുമായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. രണ്ടോ മൂന്നോ ടേക്കുകൾ കഴിഞ്ഞപ്പോഴേക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നതായി തോന്നിയിരുന്നു. ഓരോ ടേക്ക് കഴിയുമ്പോഴും മതിയെന്ന് പറയുമായിരുന്നുവെന്നും താരം വെളിപ്പെടുത്തി. നൃത്തച്ചുവടുകൾ ചെയ്യാൻ ഏറെ ബുദ്ധിമുട്ടിയെങ്കിലും ധനുഷിനായിരുന്നു കൂടുതൽ ശാരീരിക അധ്വാനം വേണ്ടിവന്നതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു. തന്റെ വസ്ത്രത്തിലെ സീക്വൻസ് ധനുഷിന്റെ കൈയിൽ തട്ടിയിരുന്നതിനാൽ രംഗം ശരിയാകാൻ നാലഞ്ച് തവണ ആവർത്തിക്കേണ്ടി വന്നതായും താരം പറഞ്ഞു.

അതേസമയം, ധനുഷും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഓം: ഓപ്പറേഷൻ മോൾ’. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നവംബർ 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിൽ റെഡ് ഹിൽസ് കാർത്തികേയൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കേന്ദ്ര കഥാപാത്രത്തെ ധനുഷ് അവതരിപ്പിക്കുമ്പോൾ ഐപിഎസ് ഉദ്യോഗസ്ഥയായ നിത്യ റെഡ്ഡിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ബിനു ജോർജ് അലക്‌സാണ്ടർ പ്രൊഡക്ഷൻസ് സ്വന്തമാക്കിയിട്ടുണ്ട്.