‘ലൂസിഫര്‍’മൂന്നാം ഭാഗമായ ‘L3’ ക്ക് മുമ്പ് മറ്റൊരു ചിത്രത്തിനായി മോഹന്‍ലാലും, പൃഥ്വിരാജും ഒന്നിക്കുന്നു! അതും ‘ബ്രോ ഡാഡി’ പോലൊരെണ്ണവുമായി

അഭിനയത്തിന് പുറമെ സംവിധാനവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഷ്ടനടനായ മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വി ആദ്യചിത്രം ഒരുക്കിയത്. ആദ്യ സംവിധാന ചിത്രം തന്നെ ആ വര്‍ഷത്തെ ഇയര്‍ ടോപ്പറാക്കാന്‍ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചു. അതേ തുടര്‍ന്ന് ചെയ്ത രണ്ട് സിനിമകളിലും നായകൻ മോഹന്‍ലാല്‍ തന്നെയായിരുന്നു. ആദ്യ ചിത്രമായ ലൂസിഫറും അതിന്റെ രണ്ടാം ഭാഗമായ എമ്പുരാനും തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ചു.ഈ രണ്ട് സിനിമകള്‍ക്കും ഇടയില്‍ ഒരുങ്ങിയ ബ്രോ ഡാഡി എന്ന കോമഡി ചിത്രവും എത്തിയിരുന്നു.

മോഹന്‍ലാലിലെ പഴയ കോമഡി ഭാവങ്ങള്‍ തിരിച്ചുകൊണ്ടു വന്ന ചിത്രമായിരുന്നു ബ്രോ ഡാഡി.ഇപ്പോഴിതാ ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘L3’ ക്ക് മുമ്പ് മറ്റൊരു ചിത്രത്തിനായി മോഹന്‍ലാലും, പൃഥ്വിരാജും ഒന്നിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.അതും ബ്രോ ഡാഡി’ പോലൊരെണ്ണവുമായി എന്നാണ് പറയുന്നത്.ബ്രോ ഡാഡി പോലെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാകും ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ വിപിന്‍ ദാസാകും ഈ ചിത്രത്തിന്റെ കഥയൊരുക്കുക എന്നും കേള്‍ക്കുന്നുണ്ട്. മുദ്ദുഗൗ, അന്താക്ഷരി, ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും വാഴ എന്ന സിനിമക്ക് തിരക്കഥ ഒരുക്കുകയും ചെയ്ത വിപിന്‍ ദാസ് ഇപ്പോൾ മലയാളത്തിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്.