ഇന്റർനാഷനൽ എമ്മി വേദിയിൽ അവതാരകനായി വിജയ് സേതുപതി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ഇന്റർനാഷനൽ എമ്മി വേദിയിൽ അവതാരകനായി വിജയ് സേതുപതി; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ

ആഗോള വേദിയിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമായി തമിഴ് താരം വിജയ് സേതുപതി. 54-ാമത് ഇന്റർനാഷനൽ എമ്മി പുരസ്കാരച്ചടങ്ങിൽ അവതാരകനായി വിജയ് സേതുപതി എത്തും. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന അവതാരകരുടെ പട്ടികയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്. ഇതോടെ ഇന്റർനാഷനൽ എമ്മി വേദിയിൽ പുരസ്കാരം സമ്മാനിക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടവും വിജയ് സേതുപതിക്ക് സ്വന്തമാകുമെന്നാണ് റിപ്പോർട്ടുകൾ.

ലോകമെമ്പാടുമുള്ള ടെലിവിഷൻ രംഗത്തെ മികച്ച സൃഷ്ടികളെ ആദരിക്കുന്ന പുരസ്കാരച്ചടങ്ങാണ് ഇന്റർനാഷനൽ എമ്മി അവാർഡ്‌സ്. വിജയ് സേതുപതിക്ക് ഈ അവസരം ലഭിക്കുന്നതിൽ ഇന്റർനാഷനൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസസിന്റെ (ഐഎടിഎഎസ്) ബോർഡ് അംഗമായ കവിത ഗുപ്തയ്ക്ക് നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’ റിപ്പോർട്ട് ചെയ്യുന്നത്. 2024ൽ നടന്ന 52-ാമത് ഇന്റർനാഷനൽ എമ്മി പുരസ്കാരച്ചടങ്ങിൽ അവതാരകനായെത്തിയ ഹാസ്യതാരം വീർ ദാസിനും ഈ ആഗോള വേദിയിൽ അവസരം ലഭിക്കാൻ സഹായിച്ചത് കവിത ഗുപ്തയായിരുന്നു. അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി വീർ ദാസ് മാറിയിരുന്നു.

നവംബർ 23ന് തിങ്കളാഴ്ച ന്യൂയോർക്കിലെ മാൻഹട്ടനിലാണ് 54-ാമത് ഇന്റർനാഷനൽ എമ്മി പുരസ്കാരച്ചടങ്ങ് നടക്കുന്നത്. വിജയ് സേതുപതിയുടെ സാന്നിധ്യത്തിനൊപ്പം രണ്ട് പ്രധാന വിഭാഗങ്ങളിലെ ഇന്ത്യൻ നോമിനേഷനുകളും ഇത്തവണ ശ്രദ്ധേയമാണ്. സോണിലിവിന്റെ സ്പോർട്സ് ഡ്രാമ സീരീസായ ‘റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്ബ്’ മികച്ച ഡ്രാമ സീരീസ് വിഭാഗത്തിൽ നോമിനേഷൻ നേടിയിട്ടുണ്ട്. മഹേഷ് മത്തായിയും രാജേഷ് മാപുസ്കറും സംവിധാനം ചെയ്ത പരമ്പരയിൽ മുഹമ്മദ് സീഷാൻ അയ്യൂബും മനവ് കൗളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം, നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ വീർ ദാസിന്റെ കോമഡി സ്പെഷലായ ‘വീർ ദാസ്: ഫൂൾ വോളിയം’ മികച്ച കോമഡി സീരീസ് വിഭാഗത്തിലും മത്സരിക്കുന്നുണ്ട്. ഇതോടെ ഇത്തവണത്തെ പുരസ്കാരച്ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യം കൂടുതൽ ശ്രദ്ധേയമാകുകയാണ്. നോമിനേഷനുകളുടെ എണ്ണത്തിൽ യുകെയാണ് ഇത്തവണ മുന്നിൽ. 14 നോമിനേഷനുകളുമായി യുകെ ഒന്നാമതെത്തിയപ്പോൾ ഒൻപത് നോമിനേഷനുകളുമായി ബ്രസീൽ രണ്ടാം സ്ഥാനത്തുണ്ട്. മികച്ച ഡ്രാമ സീരീസ് വിഭാഗത്തിൽ ‘റിയൽ കശ്മീർ ഫുട്ബോൾ ക്ലബ്ബി’ന് യുകെയുടെ ‘എ തൗസൻഡ് ബ്ലോസി’നോടും ഫ്രാൻസിന്റെ ‘കരേമി’നോടും അർജന്റീനയുടെ ‘മെനേമി’നോടുമാണ് മത്സരം.

മികച്ച കോമഡി സീരീസ് വിഭാഗത്തിൽ ‘ഫൂൾ വോളിയം’ ഉൾപ്പെടെ നാല് പരമ്പരകളാണ് അവസാന പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. അഭിനയ വിഭാഗങ്ങളിലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. വിജയ് സേതുപതി അവതാരകനായി എത്തുന്നതും രണ്ട് പ്രധാന വിഭാഗങ്ങളിൽ ഇന്ത്യൻ സൃഷ്ടികൾ നോമിനേഷൻ നേടുന്നതും ഇത്തവണത്തെ ഇന്റർനാഷനൽ എമ്മി പുരസ്കാരച്ചടങ്ങിനെ ഇന്ത്യൻ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ളതാക്കി മാറ്റുന്നു.