മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലർ പാർട്ടി D’EUX. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ട്രെയിലറിലെ ഒരു പ്രത്യേക ഫ്രെയിമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ട്രെയിലറിൽ നസ്ലിന്റെ കഥാപാത്രം നടന്നുപോകുന്ന ഒരു രംഗത്തിന്റെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ ചുമർചിത്രം കാണാം. ഇരുവരെയും ഒരേ ഫ്രെയിമിൽ അവതരിപ്പിച്ച ഈ രംഗം അമൽ നീരദിന്റെ ഡയറക്ടർ ബ്രില്യൻസാണെന്നാണ് സോഷ്യൽ മീഡിയയിലെ ചിലരുടെ വിലയിരുത്തൽ. മോഹൻലാലിന് ശേഷം മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാറായി നസ്ലിൻ മാറുമെന്ന സൂചനയാണ് ഈ ഫ്രെയിമിലൂടെ സംവിധായകൻ നൽകുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
വിജയ് നായകനായ തമിഴ് ചിത്രം ‘മെർസലി’ലെ ഒരു ഫൈറ്റ് രംഗത്തോടും ആരാധകർ ഈ ഷോട്ടിനെ താരതമ്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ എം.ജി.ആറിന്റെ ചിത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ വിജയ് അതിന് മുന്നിലൂടെ കടന്നുപോകുന്ന രംഗമാണ് അവർ ചൂണ്ടിക്കാട്ടുന്നത്. പിന്നീട് വിജയ് തമിഴ് സിനിമയിലെ വലിയ താരമായി മാറിയതുപോലെ, നസ്ലിന്റെ ഭാവി താരപദവിയിലേക്കുള്ള സൂചനയായി ഈ ഫ്രെയിമിനെയും കാണാമെന്നാണ് ആരാധകരുടെ പക്ഷം.
‘വെറുമൊരു ഫ്രെയിം അല്ല ഇത്, ഒരു സ്റ്റേറ്റ്മെന്റാണ്. ഭാവിയിൽ മലയാള സിനിമയിൽ മോഹൻലാലിന് ശേഷം മറ്റൊരു വലിയ താരമായി നസ്ലിൻ മാറുമെന്ന സൂചനയാണ് അമൽ നീരദ് ഈ രംഗത്തിലൂടെ നൽകുന്നത്’ എന്ന തരത്തിലുള്ള പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അമൽ നീരദ് പ്രൊഡക്ഷൻസ്, ഫഹദ് ഫാസിൽ പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ സേവ്യറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങ്ങും കൈകാര്യം ചെയ്യുന്നു.
അതേസമയം, അമൽ നീരദിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം ‘ബോഗെയ്ൻവില്ല’യാണ്. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ട്രെയിലറിലെ ഈ ഒറ്റ ഫ്രെയിം തന്നെ ബാച്ച്ലർ പാർട്ടി D’EUX-നെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.
