തുണിയുടെ അളവ് കുറച്ചാൽ അവസരം തരാമെന്ന് പറഞ്ഞല്ലേ ? എസ്തറിന് നേരെ സൈബര്‍ ആങ്ങളമാര്‍

കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടി അനശ്വര രാജന് എതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടന്നിരുന്നു, വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിനാണ് അനശ്വരക്ക് നേരെ സൈബർ ആങ്ങളമാർ എത്തിയത്. കാലുകാണിക്കുന്ന വസ്ത്രം ധരിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‍തതിനാണ് അനശ്വരയുടെ ചിത്രങ്ങൾക്ക് നേരെ സൈബർ ആങ്ങളമാർ പൊങ്കാല നടത്തിയത്, ഇതിനെതിരെ തന്റെ അതെ വസ്ത്രത്തിലുള്ള ചിത്രം പങ്കുവെച്ചാണ് അനശ്വര എല്ലാവർക്കും മറുപടി നൽകിയത്, താരത്തിനെ പിന്തുണച്ച് നിരവധി താരങ്ങളൂം എത്തിയിരുന്നു, ഇപ്പോൾ സമാന അനുഭവം നടി എസ്തർ അനിലിനും ഉണ്ടായിരിക്കുകയാണ്.

ഫേസ്‌ബുക്ക് പേജില്‍ പങ്കുവച്ച എസ്തറിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റുകള്‍ പങ്കുവച്ചത്. എസ്തറിനേയും കുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ട് സ്ത്രത്തിന്റെ ഇറക്കം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കൂട്ടര്‍ എത്തിയത്. സൈബര്‍ സദാചാരക്കാരെ ഫോട്ടോ ഷൂട്ടിനായി എസ്തറണിഞ്ഞ ഗൗണാണ് വെറിപിടിപ്പിച്ചത്. കൂടുതല്‍ അവസരങ്ങള്‍ സിനിമയില്‍ ലഭിക്കാനാണ് ഇത്തരം വസ്ത്രം ധരിക്കുന്നത് എന്നും മാതാപിതാക്കള്‍ക്ക് വേഗത്തില്‍ പണമുണ്ടാക്കാനാണെന്നുമാണ് ഇക്കൂട്ടര്‍ പറഞ്ഞുവെക്കുന്നത്.

സമീപ ഭാവിയില്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും അതോടൊപ്പം മോള് പുരോഗമിക്കുന്നുണ്ടെന്നും നിരാശരാക്കരുതെന്നുമാണ് ചിലരുടെ പരാമര്‍ശം. ഇതിനൊക്കെ അതിനുമാത്രം പ്രായമായോ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാന്‍ നടക്കുകയാണെന്നും തുടങ്ങി ആക്ഷേപകരമായ അനേകം പരാമര്‍ശങ്ങളാണ് എസ്തറിനെതിരെ കമന്റ്‌ബോക്‌സില്‍ നിറയുന്നത്. ചിലര്‍ ബ്രോയിലര്‍ കോഴിയെന്നൊക്കെ വിളിച്ച്‌ അങ്ങേയറ്റം തരംതാഴ്ന്ന കമന്റുകളാണ് എഴുതിവിടുന്നത്.