‘അങ്ങേയറ്റം മോശം, ഇരട്ടത്താപ്പ്’; ജിടിഎ 6ലെ സ്ത്രീവിരുദ്ധത; രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്

‘അങ്ങേയറ്റം മോശം, ഇരട്ടത്താപ്പ്’; ജിടിഎ 6ലെ സ്ത്രീവിരുദ്ധത; രൂക്ഷ വിമർശനവുമായി നടി പാർവതി തിരുവോത്ത്

വിനോദമാധ്യമങ്ങളിലും വിഡിയോ ഗെയിമുകളിലും സ്ത്രീകളെ ചിത്രീകരിക്കുന്നതിലെ ഇരട്ടത്താപ്പിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത് രംഗത്തെത്തി. ‘ജിടിഎ 6’ (ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6) വിഡിയോ ഗെയിമിനെതിരെ ഉയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതിയുടെ പ്രതികരണം. വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സാധാരണമായി മാറിയിരിക്കുന്നുവെന്നും, എന്നാൽ സ്ത്രീകൾക്ക് തുല്യതയും ബഹുമാനവും നൽകുന്ന രംഗങ്ങൾ വരുമ്പോൾ അത് ‘ഫെമിനിസ്റ്റ് പ്രചാരണമായി’ മുദ്രകുത്തപ്പെടുന്നുവെന്നുമാണ് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നത്. ഫിറ്റ്നസ് കണ്ടന്റ് ക്രിയേറ്റർ നാദിയ കാർലി, നർത്തകിയും കൊറിയോഗ്രാഫറുമായ ഹരിണി നീലകണ്ഠൻ എന്നിവരുടെ പ്രതികരണങ്ങളാണ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പാർവതി പങ്കുവച്ചത്.

നാദിയ കാർലിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ജിടിഎ 6-ന് ചുറ്റുമുള്ള വിമർശനങ്ങൾ എല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ വിനോദമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ അത്രയേറെ ആഴത്തിൽ വേരൂന്നിക്കഴിഞ്ഞു, അതുകൊണ്ട് തന്നെ ആളുകൾ അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാറേയില്ല. എന്നാൽ ഒരു വിഡിയോ ഗെയിമിൽ സ്ത്രീകളെ ബഹുമാനിക്കുന്നതോ, സംരക്ഷിക്കുന്നതോ, തുല്യരായി കാണുന്നതോ കാണിച്ചാൽ പെട്ടെന്ന് എല്ലാവരും ‘ഫെമിനിസ്റ്റ് പ്രചാരണം’ എന്ന് പറഞ്ഞ് ബഹളം വയ്ക്കാൻ തുടങ്ങും. ഈ ഇരട്ടത്താപ്പ് ശരിക്കും അതിശയിപ്പിക്കുന്നതാണ്. അങ്ങേയറ്റം മോശം തന്നെ.”

ഗെയിമിംഗ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ‘ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ 6’ ഗെയിമിൽ ആദ്യമായി ഒരു സ്ത്രീ മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. ഇതിനെതിരെ ഒരു വിഭാഗം സൈബർ ലോകത്ത് നടത്തുന്ന വിമർശനങ്ങളെ മുൻനിർത്തിയായിരുന്നു ഈ പ്രതികരണം. ഇതിന് പിന്നാലെ ചെന്നൈ സ്വദേശിയും ചിക്കാഗോയിൽ സ്ഥിരതാമസമാക്കിയ നർത്തകിയും കൊറിയോഗ്രാഫറുമായ ഹരിണി നീലകണ്ഠനുമായി നടത്തിയ ചാറ്റും പാർവതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ഗെയിമിങ്ങിലെ അക്രമവാസനയെ പുരുഷത്വവുമായി ബന്ധിപ്പിക്കുന്ന പ്രവണതയ്ക്കെതിരെയുള്ള ശക്തമായ നിലപാടാണ് ഇരുവരും പങ്കുവച്ചത്.

പാർവതി പങ്കുവച്ച ചാറ്റിലെ വാക്കുകൾ ഇപ്രകാരമാണ്:

ഹരിണി: “എന്താണ് ഏറ്റവും മോശമെന്നറിയാമോ? മറ്റ് ജിടിഎ ഗെയിമുകളിലെ സ്ത്രീകൾക്കെതിരെയുള്ള ഭീകരമായ അക്രമങ്ങളുമായി അവർ അത്രയേറെ പൊരുത്തപ്പെട്ടുപോയിരിക്കുന്നു; അതുകൊണ്ട് തന്നെ ഈ ഗെയിമിൽ അത് ചെയ്യാൻ അനുവദിക്കാത്തതിനെ പോലും പുരുഷത്വം നഷ്ടപ്പെടുന്നതായിട്ടാണ് അവർ കാണുന്നത്.”

പാർവതി: “എന്റെ ദൈവമേ! നിന്റെ പേര് വെളിപ്പെടുത്താതെ എനിക്ക് ഈ മെസ്സേജ് എന്റെ സ്റ്റോറിയിൽ ഉപയോഗിക്കാമോ? അതായത്, അതാണ് നിങ്ങളുടെ പുരുഷത്വത്തെക്കുറിച്ചുള്ള ധാരണയെങ്കിൽ ഇനി വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറല്ല എന്ന് പറയാൻ വേണ്ടി മാത്രം!”

ഹരിണി: “എന്റെ പേര് വെളിപ്പെടുത്തിക്കോളൂ, നമുക്ക് ഇതെല്ലാം സഹിച്ച് മതിയായിരിക്കുന്നു.”

പാർവതി: “സത്യത്തിൽ നമ്മൾ വല്ലാതെ മടുത്തുപോയിരിക്കുന്നു!”

സാമൂഹിക വിഷയങ്ങളിലും സിനിമാ മേഖലയിലെ ലിംഗസമത്വത്തെക്കുറിച്ചും എപ്പോഴും കൃത്യമായ നിലപാടുകൾ വ്യക്തമാക്കാറുള്ള പാർവതി പങ്കുവച്ച ഈ സ്റ്റോറികൾ ആരാധകർക്കിടയിലും സൈബർ ലോകത്തും ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.