മുസ്ലീമായ തനിക്ക് ആരാധകര്‍ ക്ഷേത്രം പണിതില്ലേ..അതാണ് സനാതന ധര്‍മ്മം!! ഖുശ്ബു

തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തിനെ കുറിച്ചുള്ള പ്രസ്താവന വിവാദമായിരിക്കുകയാണ്. നിരവധി താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തുവള്ളവരുമെല്ലാം പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. നടിയും ബിജെപി ദേശിയ നിര്‍വാഹക സമിതി അംഗവുമായ ഖുശ്ബു സുന്ദറും വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മുസ്ലീം പശ്ചാത്തലത്തില്‍ നിന്നായിട്ടും തനിക്ക് ആരാധകര്‍ ക്ഷേത്രം പണിതു, അതാണ് സനാതന ധര്‍മ്മമെന്ന് ഖുശ്ബു പറയുന്നു.

ഞാന്‍ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നാണ് വന്നത്, എന്നിട്ടും ആളുകള്‍ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധര്‍മ്മം! എല്ലാവരെയും തുല്യരായി കാണുക, വിശ്വാസം, ബഹുമാനം, സ്‌നേഹം എന്നതാണ് സനാതന ധര്‍മ്മത്തിന്റെ തത്വം. ഈ സത്യത്തെ ഡി.കെ ചെയര്‍മാന്‍ കെ വീരമണി തന്നെ അംഗീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഡിഎംകെ നിഷേധിക്കുന്നു? പരാജയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തന്‍ മാര്‍ഗം മാത്രം. എന്നാണ് ഖുശ്ബു എക്‌സില്‍ കുറിച്ചത്.

അതേസമയം സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. സനാതന ധര്‍മ്മം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. വിവാദമായപ്പോഴും നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നെന്നാണ് ഉദയനിധി വ്യക്തമാക്കിയത്.