തന്റെ പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യുടെ പ്രൊമോഷനിടെ പ്രിയ സുഹൃത്തും നടനുമായ വിജയ് ദേവരകൊണ്ടയെ പറ്റിച്ച് ദുൽഖർ സൽമാൻ. കുട്ടികൾക്കൊപ്പമുള്ള ഒരു പ്രൊമോഷണൽ പരിപാടിക്കിടെയാണ് രസകരമായ ഈ പ്രാങ്ക് കോൾ അരങ്ങേറിയത്. തങ്ങൾക്കുവേണ്ടി ആരെയെങ്കിലും ഫോണിൽ വിളിച്ച് പറ്റിക്കണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടതോടെ, ദുൽഖർ ഒട്ടും ആലോചിക്കാതെ വിജയ് ദേവരകൊണ്ടയുടെ നമ്പറിലേക്ക് ഡയൽ ചെയ്യുകയായിരുന്നു.
‘ഡിക്യു വാട്ട്സാപ്പ്’ എന്നു പറഞ്ഞ് ആവേശത്തോടെ ഫോണെടുത്ത വിജയ് ദേവരകൊണ്ടയോട്, ഒപ്പമുണ്ടായിരുന്ന ഒരു പെൺകുട്ടിയാണ് സംസാരിച്ചത്. റോഡിൽ നിന്നും ഈ ഫോൺ കളഞ്ഞുകിട്ടിയതാണെന്നും എമർജൻസി കോണ്ടാക്റ്റിൽ ഈ നമ്പർ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും പെൺകുട്ടി പറഞ്ഞതോടെ വിജയ് ശരിക്കും വിശ്വസിച്ചുപോയി. താൻ പറയുന്നൊരു നമ്പറിൽ ഫോൺ എത്തിച്ചുനൽകാൻ വിജയ് കുട്ടിയോട് ആവശ്യപ്പെട്ടതിന് പിന്നാലെ, ദുൽഖർ തന്നെ തിരിച്ചുവിളിച്ച് ഇതൊരു പ്രാങ്ക് ആണെന്ന് വെളിപ്പെടുത്തുകയായിരുന്നു. രസകരമായ ഈ വിഡിയോ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വൈറലായിക്കഴിഞ്ഞു.
