സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലായിരുന്ന പ്രിയനടി പത്മപ്രിയ, പരുക്കിൽ നിന്നും മുക്തയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. കാലിലെ ലിഗ്മെന്റിനേറ്റ പരുക്ക് ഭേദമായതിന്റെ സന്തോഷം കുഞ്ഞിനൊപ്പമുള്ള സായാഹ്ന നടത്തത്തിന്റെയും നീന്തൽക്കുളത്തിലെ വാട്ടർ തെറാപ്പിയുടെയും ചെറിയ ട്രെക്കിങ്ങിന്റെയുമെല്ലാം മനോഹരമായ ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയുമാണ് താരം ആരാധകരുമായി പങ്കുവെച്ചത്.
ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പത്മപ്രിയയ്ക്ക്, ഷൂട്ടിംഗിനിടെ ചാടുന്ന രംഗം ചിത്രീകരിക്കുമ്പോൾ കാൽവഴുതി വീണാണ് പരുക്കേറ്റത്. അമ്മയെന്ന ഉത്തരവാദിത്തവും പരുക്കിന്റെ കഠിനമായ വേദനയും ഒരുമിച്ച് നേരിടേണ്ടി വന്ന പ്രയാസകരമായ നാളുകളെ പുഞ്ചിരിയോടെ അതിജീവിച്ച താരം, ‘എന്റെ കുഞ്ഞു സായാഹ്ന കൂട്ടുകാരൻ’ എന്ന അടിക്കുറിപ്പോടെ കുഞ്ഞിനും ഭർത്താവിനുമൊപ്പമുള്ള സ്നേഹനിമിഷങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയതാരത്തിന്റെ മടങ്ങിവരവിന് ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തുന്നത്.
