
പ്രശസ്ത സംവിധായകൻ ജോഷി, വനിത മാഗസിന് നൽകിയ അഭിമുഖത്തിൽ, എഴുത്തുകാരനും സംവിധായകനുമായ പത്മരാജനൊപ്പം തനിക്കൊരു സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് തുറന്നു പറയുകയാണ്, പത്മരാജന്റെ കഥകളുടെ ആഴവും കഥാപാത്രങ്ങളുടെ സങ്കീർണ്ണതയും തന്നെ ഒരുപാട് ആകർഷിച്ചിരുന്നു. അന്നും ഇന്നും തന്നെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരനാണ് പത്മരാജൻ, അദ്ദേഹത്തിന്റെ എല്ലാ സിനിമകളും വ്യത്യസ്തമാണ് ,പത്മരാജനൊപ്പം സിനിമ ചെയ്യുകയെന്നത് തന്റെ ആഗ്രഹമായിരുന്നു ജോഷി പറഞ്ഞു.ഭാഗ്യം കൊണ്ട് അത് സാധിക്കുകയും ചെയ്തു. അതായിരുന്നു ‘ഈ തണുത്ത വെളുപ്പാൻകാലത്ത് , സംവിധായകൻ പറഞ്ഞു.

ഒരു കുറ്റാന്വേഷണകഥയായിരുന്നു ഈ തണുത്ത വെളുപ്പാൻകാലത്ത് എന്ന ചിത്രം. ഏറെ പുതുമയുള്ള തിരക്കഥയും. സാധാരണരീതിയിൽ ലൊക്കേഷനൊക്കെ കണ്ടുപിടിച്ചതിനുശേഷമാണ് അദ്ദേഹം അതിന്റെ തിരക്കഥയൊരുക്കിയിരുന്നത്. എന്നാൽ ഈ തിരക്കഥ എഴുതി എന്നെ ഏൽപ്പിക്കുകയായിരുന്നു. ഷൂട്ടിങ് തീർന്ന് പാക്കപ്പ് പറഞ്ഞ ദിവസമാണ് അദ്ദേഹം സെറ്റിലേക്ക് എത്തുന്നതെന്നും ജോഷി പറയുന്നു.
സ്ക്രിപ്റ്റ് എഴുതുന്ന ആൾ സെറ്റിൽ ഉണ്ടാവണമെന്ന് എനിക്ക് നിർബന്ധമാണ്. എപ്പോഴാണ് അയാളുടെ സാന്നിധ്യം ആവശ്യമായി വരുന്നതെന്ന് പറയാൻ കഴിയില്ല. പക്ഷേ എഴുത്തുകാരൻ ഇല്ലാതെ ഞാൻ ഷൂട്ട് ചെയ്ത അപൂർവം സിനിമകളിൽ ഒന്നാണ് ഈ തണുത്ത വെളുപ്പാൻകാലത്ത് ജോഷി പറഞ്ഞു.












