രജനികാന്ത് വ്യാജ മനുഷ്യസ്നേഹി; ആരോപിച്ച് സംവിധായകൻ ലെനിൻ ഭാരതി

നടൻ രജനികാന്ത് വ്യാജ മനുഷ്യസ്നേഹിയാണെന്ന് സംവിധായകൻ ലെനിൻ ഭാരതി ആരോപിക്കുന്നു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആസ്ഥാനമായ റിപ്പൺ ബിൽഡിങ്ങിന്റെ പ്രവേശനകവാടത്തിൽ തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ രജനികാന്ത് എവിടെയായിരുന്നുവെന്നും അദ്ദേഹമൊരു വ്യാജമനുഷ്യസ്നേഹിയാണെന്നുമാണ് ലെനിൻ ഭാരതി പറയുന്നത്.

അടുത്തിടെ കളഞ്ഞുകിട്ടിയ 45 പവൻ സ്വർണ്ണാഭരണങ്ങൾ ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച ശുചീകരണത്തൊഴിലാളിയെയും, കാലങ്ങളായി അഞ്ച് രൂപയ്ക്ക് പൊറോട്ട വിൽക്കുന്ന തന്റെ ആരാധകനെയും രജനികാന്ത് തന്റെ വീട്ടിലേക്ക് ക്ഷണിച്ച് അനുമോദിക്കുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുകയോ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ലെനിൻ ഭാരതിയുടെ പ്രതികരണം.

“റിപ്പൺ ബിൽ‍ഡിങ്ങിന്റെ പ്രവേശന കവാടത്തിൽ ശുചീകരണ തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കായി പോരാടുമ്പോൾ താങ്കൾ എവിടെയായിരുന്നു അവരുടെ യൂണിഫോം നോക്കി മാത്രം തിരിച്ചറിഞ്ഞാണോ നിങ്ങളുടെ മഹാമനസ്കത പ്രകടിപ്പിക്കുന്നത്? വ്യാജമനുഷ്യസ്നേഹി എന്നാണ് എക്സ് അകൗണ്ടിൽ ലെനിൻ ഭാരതി കുറിച്ചത്.