ദീപു കരുണാകരൻ സംവിധാനം ചെയ്ത ആറ് എപ്പിസോഡുകളുള്ള കോർട്ട്റൂം ഇൻവെസ്റ്റിഗേറ്റീവ് ഡ്രാമ ‘സത്യമേവ’ നവംബർ 27 മുതൽ മലയാളം ZEE5-ൽ സ്ട്രീമിംഗ് ആരംഭിച്ചു. കഥയുടെ സസ്പെൻസിനൊപ്പം അഭിനേതാക്കളുടെ പ്രകടനങ്ങളാണ് ഈ സീരീസിനെ മുന്നോട്ട് നയിക്കുന്നത്. റോണി ഡേവിഡ് രാജ്, ബിന്നി സെബാസ്റ്റ്യൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, ജയരാജ് കോഴിക്കോട്, സോഹൻ സീനു ലാൽ, ദീപു കരുണാകരൻ, മീര നായർ, രമ്യ സുരേഷ്, അജി ധന്വന്തരി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
പഴയൊരു കേസിൽ നിരപരാധിക്ക് നീതി നേടിക്കൊടുക്കാൻ കഴിയാതെ പോയതിന്റെ കുറ്റബോധത്തിൽ വക്കീൽ പണി ഉപേക്ഷിച്ച രാജാറാം എന്ന കഥാപാത്രത്തെയാണ് റോണി ഡേവിഡ് രാജ് അവതരിപ്പിക്കുന്നത്. കോടതി വളപ്പിൽ ഒരു വയോധികൻ ആത്മഹത്യ ചെയ്യുന്നതോടെ ഇരുപത് വർഷമായി കാണാതായ മകളെ കണ്ടെത്തണമെന്ന ആ പിതാവിന്റെ അവസാന ആഗ്രഹം തേടി രാജാറാം വീണ്ടും നിയമപോരാട്ടത്തിലേക്ക് ഇറങ്ങുന്നു. ഈ അന്വേഷണത്തിനിടെ പുറത്തുവരുന്ന രഹസ്യങ്ങളും വൈകാരിക മുഹൂർത്തങ്ങളുമാണ് സീരീസിന്റെ കാതൽ.
പ്രകടനങ്ങളുടെ കരുത്ത്
റോണി ഡേവിഡ് രാജിന്റെ കരിയറിലെ ഏറ്റവും പക്വതയുള്ള പ്രകടനങ്ങളിലൊന്നാണ് രാജാറാം. ഉള്ളിലെ കുറ്റബോധവും നിസ്സഹായതയും സത്യത്തോടുള്ള വാശിയും റോണി സൂക്ഷ്മമായ ഭാവങ്ങളിലൂടെയും ശാന്തമായ സംഭാഷണശൈലിയിലൂടെയും മികച്ചതാക്കിയിട്ടുണ്ട്.
അതേസമയം, ബിന്നി സെബാസ്റ്റ്യൻ അവതരിപ്പിച്ച കഥാപാത്രം സീരീസിന്റെ മറ്റൊരു വലിയ കരുത്താണ്. വൈകാരികമായ സങ്കീർണ്ണതകളും സാഹചര്യങ്ങളുടെ തീവ്രതയും ബിന്നി വളരെ സ്വാഭാവികതയോടെയും കയ്യടക്കത്തോടെയും പകർത്തിയിട്ടുണ്ട്; താരത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷങ്ങളിലൊന്നായി ഇത് മാറുന്നു.
സംവിധായകൻ ദീപു കരുണാകരനും അഭിനയത്തിൽ വ്യക്തമായ മുദ്ര പതിപ്പിക്കുന്നുണ്ട്. മീനാക്ഷി ഉണ്ണികൃഷ്ണൻ, ജയരാജ് കോഴിക്കോട്, സോഹൻ സീനു ലാൽ, മീര നായർ, രമ്യ സുരേഷ്, അജി ധന്വന്തരി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾക്ക് വിശ്വാസ്യത നൽകി. കോർട്ട്റൂം സംവാദങ്ങളും അന്വേഷണ രംഗങ്ങളും അഭിനേതാക്കളുടെ ഒത്തൊരുമകൊണ്ട് കൂടുതൽ ജീവസ്സുറ്റതാകുന്നുണ്ട്.
കാണാനാകുമോ?
ചില ഭാഗങ്ങളിൽ ആഖ്യാനത്തിന് വേഗത കുറയുന്നതും ചില പ്രവചനാതീത രംഗങ്ങളും മാറ്റിനിർത്തിയാൽ, ശക്തമായ അഭിനയമുഹൂർത്തങ്ങളും വൈകാരികമായ കഥാപറച്ചിലും ചേർന്ന ഈ ആറ് എപ്പിസോഡ് സീരീസ് ഒരു തവണ കണ്ടിരിക്കാവുന്ന നല്ലൊരു കാഴ്ചാനുഭവമാണ്.
റേറ്റിങ്: 3.5/5
