
മലയാള സിനിമയിൽ ‘സർവ്വം മായ’ എന്ന ചിത്രത്തിലൂടെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം ‘ബേബി ഗേൾ’ റിലീസിന് ഒരുങ്ങുന്നു. ജനുവരി 23-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. നിവിൻ പോളി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പുറത്തുവിട്ടത്.
ചിത്രത്തിൽ സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റ് ആയിട്ടാണ് നിവിൻ പോളി വേഷമിടുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ‘ഗരുഡൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മയാണ്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് വേണ്ടി രചന നിർവ്വഹിച്ചിരിക്കുന്നത് എന്നത് സിനിമയുടെ പ്രത്യേകതയാണ്.
ജനിച്ച് നാല് ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകർഷണം. ലിജോമോൾ ജോസ് നായികയായെത്തുന്ന ചിത്രത്തിൽ സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ സിനിമ ഒരു ഇമോഷണൽ ത്രില്ലർ ആയിരിക്കുമെന്നാണ് സൂചനകൾ.
യഥാർത്ഥ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളി കൈക്കുഞ്ഞുമായി നിൽക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ജനുവരി 22-ന് റിലീസ് ചെയ്യുന്ന ‘ചത്ത പച്ച’ എന്ന ചിത്രവുമായാകും ബോക്സ് ഓഫീസിൽ ‘ബേബി ഗേൾ’ പ്രധാനമായും മത്സരിക്കുക.











