കൃത്യമായ രാഷ്ട്രീയം പറയുന്ന അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്‌കാരം! ടോവിനോയുടെ ‘നരിവേട്ട’യെ പ്രശംസിച്ചുകൊണ്ട്, പി .ജയരാജൻ

പ്രേക്ഷകരും, സിനിമാ നിരൂപകരും ഒരുപോലെ പ്രശംസിക്കുന്ന പുതിയ മലയാളചിത്രമാണ് ‘നരിവേട്ട’, ടോവിനോ തോമസിനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം അനുരാജ് മനോഹർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോൾ നരിവേട്ടയെ പ്രശംസിച്ചുകൊണ്ട് മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്‍ രംഗത്ത് എത്തി. കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് ‘നരിവേട്ട’യെന്ന് ജയരാജൻ പറയുന്നു. ടൊവിനോ തോമസിനെ നായകനാക്കി പ്രിയ സുഹൃത്തും ഇരിട്ടി സ്വദേശിയുമായ അനുരാജ് മനോഹർ സംവിധാനം ചെയ്ത “നരിവേട്ട’ കഴിഞ്ഞ ദിവസം കണ്ടിരുന്നു.

ചിത്രത്തിന്റെ കഥയും ഇരിട്ടിക്കാരൻ തന്നെ. യുവതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അബിൻ ജോസഫ്.കൃത്യമായ രാഷ്ട്രീയം പറയുന്ന അതി മനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ് സിനിമ. എ.കെ. ആന്റണി മുഖ്യമന്ത്രിയും കെ. സുധാകരൻ വനം വകുപ്പ് മന്ത്രിയും ആയിരുന്ന 2003 കാലഘട്ടത്തിൽ നടന്ന മുത്തങ്ങ ആദിവാസി സമരവും പൊലീസ് നരനായാട്ടും പുതു തലമുറയെ ഓർമിപ്പിക്കുന്നു ഈ സിനിമ. അന്നത്തെ ഭരണകൂടവും പൊലീസും നിസ്സഹായരായ ആദിവാസി ജനവിഭാഗത്തെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് കൃത്യമായി വരച്ചുകാണിക്കുന്നു ചിത്രം.

കഥയാവുമ്പോൾ സംഭവങ്ങളുടെ ചിത്രീകരണം മാത്രമല്ല ഭാവനയും കേറിവരും. അതും സിനിമയിൽ കാണാനാവും. അതേസമയം മാവോയിസ്റ്റ് ബന്ധം ചുമത്തി നടത്തുന്ന ആദിവാസി വേട്ടയെക്കുറിച്ചും പ്രേക്ഷകരെ ഓർമിപ്പിക്കുന്നു. മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ട് മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് മികച്ച ക്വാളിറ്റിയിൽ ഇത്തരമൊരു ചിത്രം ഒരുക്കിയ അണിയറപ്രവർത്തകരെ അഭിനന്ദിയ്ക്കുന്നു, പി ജയരാജൻ പറയുന്നു.