അഞ്ചര വര്ഷമായല്ലോ ഹേമകമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ? മുഖ്യമന്ത്രിയോട് ചോദ്യവുമായി പാർവതി തിരുവോത്ത്

മലയാള സിനിമയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ റജിസ്റ്റര്‍ ചെയ്ത കേസുകൾ അവസാനിപ്പിക്കുന്ന തീരുമാനത്തിൽ പ്രതികരിച്ചു നടി പാർവതി തിരുവോത്ത്. അഞ്ചര വര്‍ഷമായല്ലോ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട്, എന്തെങ്കിലും തീരുമാനമായോ ? പാർവതി മുഖ്യമന്ത്രിയോട് ചോദിച്ചു. നടി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ ചോദ്യം മന്ത്രിയോട് ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഹേമ റിപ്പോർട്ട് അനുസരിച്ചുള്ള കേസുകൾ അവസാനിപ്പിക്കുന്നു എന്നുള്ള തീരുമാനം എത്തിയിരുന്നത്, കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്ത സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി.

നടിയുടെ ചോദ്യം ഇങ്ങനെ ആയിരുന്നു എന്തിനായിരുന്നു ഹേമ കമ്മിറ്റി രൂപീകരിച്ചത് എന്നതില്‍ ഇനിയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാമല്ലോ അല്ലേ. സിനിമാ മേഖലയില്‍ ആവശ്യമായ നിയന്ത്രണങ്ങളും മാറ്റങ്ങളും കൊണ്ടുവരാനുള്ള നയങ്ങള്‍ രൂപീകരിക്കുക എന്നതായിരുന്നല്ലോ ആ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, അതില്‍ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? വലിയ ധൃതിയൊന്നുമില്ല കേട്ടോ, എന്നാണ് പാർവതി മന്ത്രിയോട് ചോദിക്കുന്നത്.

അതേസമയം , ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ 35 കേസുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ആദ്യ ഘട്ടത്തില്‍ 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ ഇതിനു മുൻപ് മൊഴി നൽകിയ ഭൂരിപക്ഷവും പേരും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചത്.