കരിക്ക് ടീമിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘പൊരുള്‍’ ട്രെന്റിങ്!!

സിനിമകള്‍ പോലെ ഏറെ ആരാധകരുള്ളതാണ് വെബ് സീരിസുകളും. മലയാളത്തില്‍ ഏറെ ഹിറ്റ് വെബ് സീരീസുകള്‍ സമ്മാനിച്ച് ആരാധരഹൃദയത്തിലിടം നേടിയവരാണ് കരിക്ക് ടീം. കരിക്കിന്റെ പുതിയ വീഡിയോസിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. തേരാപാര, പ്ലസ് 2 ഫ്രീ പിരിയിഡ്, ദൂസര, സ്‌കൂട്ട് തുടങ്ങിയവയെല്ലാം ടീമിന്റെ ജനപ്രിയ വെബ് സീരീസുകളാണ്. നിരവധി എന്റര്‍ടെയ്‌നിങ് സീരിസുകളൊരുക്കിയ ടീം ഇത്തവണ ഇന്‍വെസ്റ്റിഗേഷന്‍ സീരിസുമായി എത്തിയിരിക്കുകയാണ്.

പൊരുള്‍ എന്നാണ് കരിക്കിന്റെ ത്രില്ലര്‍ സീരീസിന്റെ പേര്. അനു. കെ. അനിയനാണ് സീരീസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിസ്സിങ് കേസുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണമാണ് സീരീസ് പറയുന്നത്. മികച്ച പ്രതികരണമാണ് ഗൗതം സൂര്യ സംവിധാനം ചെയ്ത ത്രില്ലര്‍ സീരിസിന് ലഭിക്കുന്നത്. മൂന്ന് എപ്പസോഡുകളാണ് ഇതിനോടകം റിലീസ് ചെയ്തത്. മൂന്ന് എപ്പിസോഡുകളും യൂട്യൂബില്‍ ട്രെന്‍ഡിങായിരുന്നു.


പേര് പോലെ തന്നെ കഥയുടെ പൊരുള്‍ തേടിയുള്ള യാത്രയാണ് സീരിസ് പറയുന്നത്. മൂന്ന് സീരിസുകളും അടുത്തത്തടുത്ത് ദിവസങ്ങളിലാണ് പുറത്തുവിട്ടത്. പതിവ് കരിക്ക് സീരിസില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ത്രില്ലര്‍ പൊരുള്‍ സീരിസ്. കോമഡിയുടെ തരിമ്പുപോലുമില്ലാതെ ഫുള്‍ സീരിയസ് മോഡിലാണ് കഥ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതെ പോയ മൂന്ന് വയസ്സുകാരനെ അന്വേഷിക്കുന്നതും അന്വേഷണത്തിനിടെയുള്ള സംഭവവികാസങ്ങളുമാണ് പൊരുള്‍ പറയുന്നത്.