വിവാഹമോചനത്തിന് ശേഷമുള്ള ജീവിതത്തിലെ പ്രതിസന്ധികളും അതിജീവനത്തിന്റെ അനുഭവങ്ങളും തുറന്നുപറഞ്ഞ് നടി റോഷ്ന ആൻ റോയ്. നടൻ കിച്ചു ടെല്ലസുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെ ജീവിതം പൂർണമായും പൂജ്യത്തിൽ നിന്ന് ആരംഭിക്കേണ്ടിവന്നുവെന്നാണ് താരം വെളിപ്പെടുത്തിയത്. വിവാഹജീവിതത്തിൽ മികച്ച ഭാര്യയായി എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റിയിരുന്നുവെന്നും എന്നാൽ വേർപിരിയലിന് ശേഷം വെറും കൈയോടെയാണ് പുതിയ ജീവിതത്തിലേക്ക് ഇറങ്ങിയതെന്നും റോഷ്ന പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
മൂന്നോ നാലോ വർഷം കുടുംബജീവിതവുമായി മുന്നോട്ടുപോയ സമയത്ത് വീട്ടിലെ എല്ലാ കാര്യങ്ങളും താനാണ് ചെയ്തിരുന്നതെന്ന് റോഷ്ന ഓർത്തെടുത്തു. രാവിലെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യുക, വളർത്തുമൃഗങ്ങളെ പരിപാലിക്കുക, വീട് വൃത്തിയാക്കുക, വസ്ത്രങ്ങൾ തേച്ചുകൊടുക്കുക തുടങ്ങി എല്ലാ വീട്ടുജോലികളും തന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ ജീവിതരീതിയിൽ നിന്ന് പുറത്തുകടക്കുക എന്നത് ഏറെ പ്രയാസകരമായിരുന്നുവെന്നും താരം പറഞ്ഞു.
വിവാഹബന്ധത്തിൽ നിന്ന് പുറത്തുവന്നപ്പോൾ പുതിയൊരു വീട് കണ്ടെത്തുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടിവന്നു. വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയുണ്ടായിരുന്നു. കൈവശം ഉണ്ടായിരുന്നത് കുറച്ച് വസ്ത്രങ്ങളും വ്യക്തിപരമായ ചില സാധനങ്ങളും മാത്രമായിരുന്നു. ഉപ്പ് മുതൽ കർപ്പൂരം വരെയുള്ള വീട്ടാവശ്യങ്ങൾ പോലും വീണ്ടും ആദ്യം മുതൽ ഒരുക്കേണ്ടിവന്നുവെന്നും റോഷ്ന വ്യക്തമാക്കി.
ജീവിതം പൂജ്യത്തിൽ നിന്ന് കെട്ടിപ്പടുത്തതിനാൽ ഇന്ന് നേരിടുന്ന വിമർശനങ്ങളൊന്നും തന്നെ തളർത്തില്ലെന്നും താരം പറയുന്നു. ആ പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം കുടുംബത്തിൽ നിന്നുപോലും കാര്യമായ പിന്തുണ ലഭിച്ചിരുന്നില്ലെന്നാണ് റോഷ്നയുടെ വെളിപ്പെടുത്തൽ. പുതിയ വീട് കണ്ടെത്തിയോ, വാടക നൽകാൻ പണമുണ്ടോ, ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങൾ ആരും അന്വേഷിച്ചിരുന്നില്ല. വിശേഷങ്ങൾ ചോദിക്കാൻ പലരും വിളിക്കാറുണ്ടായിരുന്നെങ്കിലും യഥാർഥത്തിൽ എന്താണ് നേരിടുന്നതെന്ന് അറിയാൻ ആരും ശ്രമിച്ചില്ലെന്നും താരം പറഞ്ഞു.
തനിക്ക് സ്വന്തമായി ഷോപ്പുള്ളതിനാൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ പുറത്തുനിന്ന് കാണുന്നതുപോലെയല്ല യഥാർഥ ജീവിതമെന്നും ഏറെ പ്രതിസന്ധികളിലൂടെയും കഷ്ടപ്പാടുകളിലൂടെയുമാണ് ഇന്നത്തെ നിലയിൽ എത്തിയതെന്നും റോഷ്ന കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലെ വിമർശനങ്ങളോടും താരം പ്രതികരിച്ചു. ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളെ അതിജീവിച്ച് ഇന്ന് സ്വന്തം നിലയിൽ മുന്നോട്ടുപോകാൻ കഴിയുന്നതാണ് തനിക്ക് ഏറ്റവും വലിയ നേട്ടമെന്നും സമൂഹമാധ്യമങ്ങളിൽ ഇരുന്ന് വിമർശിക്കുന്നവരോട് മറുപടി പറയാൻ താൽപര്യമില്ലെന്നും റോഷ്ന വ്യക്തമാക്കി.
സിനിമയ്ക്കു പുറമെ മേക്കപ്പ്, മോഡലിങ്, ഫാഷൻ ഡിസൈനിങ് മേഖലകളിലും സജീവമാണ് റോഷ്ന ആൻ റോയ്. താരങ്ങളുടെ മേക്കോവറുകളിലൂടെയും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ ആരംഭിച്ചതും അടുത്തിടെ താരത്തെ ചർച്ചകളിൽ ഇടംപിടിപ്പിച്ചിരുന്നു.
