
അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്. പിന്നീടങ്ങോട്ട് പ്രിയപ്പെട്ടവരുടെ കരുതലിലാണ് രേണുവിന്റെയും മക്കളുടെയും ജീവിതം. സ്റ്റാര്‍മാജിക് ഷോയാണ് സുധിയെ ജനപ്രിയ കലാകാരനാക്കി മാറ്റിയത്. സിനിമയിലും ശ്രദ്ധേയമായ അവസരങ്ങള്‍ ലഭിച്ചിരുന്നു, പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ സുധി വിടപറഞ്ഞത്.
ഇപ്പോഴിതാ രേണുവും സുധിയുടെ പാതയില്‍ കലാരംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. കൊച്ചിന്‍ സംഗമിത്രയിലുടെയാണ് രേണുവിന്റെ അഭിനയത്തിലേക്കുള്ള അരങ്ങേറ്റം. പുതിയ നാടകമായ ‘ഇരട്ടനഗര’ത്തില്‍ കോളജ് വിദ്യാര്‍ഥിനിയായിട്ടാണ് രേണു എത്തുന്നത്.

ആഗസ്റ്റ് ആദ്യവാരം നാടകം പ്രദര്‍ശനത്തിന് എത്തും. സ്‌കൂള്‍ പഠന കാലത്ത് നാടകങ്ങളില്‍ സജീവമായിരുന്നു രേണു. അടുത്തിടെ മ്യൂസിക് വീഡിയോയിലും രേണു പ്രത്യക്ഷപ്പെട്ടിരുന്നു. 2017 മേയിലാണ് സുധിയും രേണുവും വിവാഹിതരായത്. സുധിയുടെ ആദ്യ വിവാഹത്തിലെ മകന്‍ രാഹുലും രേണുവിനൊപ്പമാണ്. സോഷ്യലിടത്തും രേണു സജീവമാണ്. സന്തോഷ നിമിഷങ്ങളെല്ലാം സോഷ്യലിടത്ത് പങ്കുവയ്ക്കാറുണ്ട്.











