വിശാലും സായ് ധൻസികയും തമ്മിലുള്ള വിവാഹം വൈകാൻ കാരണം; നടി തന്നെ അത് വെളിപ്പെടുത്തി

നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞെങ്കിലും വിവാഹം വൈകുന്നു. എന്തുകൊണ്ടാണ് തങ്ങളുടെ വിവാഹം വൈകുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് ധൻസിക. “നടികർ സംഘത്തിന്റെ ബിൽഡിങ് പണി പൂർത്തിയായ ശേഷമാകും വിവാഹം. അതിനാൽ വിവാഹ തീയതി പറയാൻ കഴിയില്ല. ആ കെട്ടിടം പൂർത്തീകരിക്കണം എന്നത് വിശാലിന്റെ സ്വപ്നമാണ്. അഞ്ച് വർഷമായി ആ സ്വപ്നവും വെച്ച് ഒരു മനുഷ്യൻ ജീവിച്ച് വരികയല്ലേ. അതിനെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നും ധൻസിക ചോദിക്കുന്നു.

അതേസമയം തമിഴ് സിനിമാ, ടെലിവിഷൻ, സ്റ്റേജ് അഭിനേതാക്കളുടെ ഔദ്യോഗിക സംഘടനയാണ് നടികർ സംഘം ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് വിശാൽ. നടികർ സംഘത്തെ പ്രശ്ന കലുഷിതമായ പല സാഹചര്യങ്ങളിലും മുന്നോട്ട് നയിച്ചത് ജനറൽ സെക്രട്ടറിയായ വിശാലാണ്.

തങ്ങൾക്കിടയിലെ പ്രായവ്യത്യാസത്തെക്കുറിച്ചും നടി മനസു തുറന്നു. “പത്ത് വയസ് പ്രായ വ്യത്യാസം എന്നതൊന്നും വലിയ കാര്യമല്ല. ഞാൻ പക്വതയുള്ള ഒരാളാണ്. എനിക്ക് വേണ്ടതും പക്വതയുള്ള ഒരു പങ്കാളിയെയാണ്. അതിനാൽ തന്നെ പ്രായ വ്യത്യാസത്തിന് ഞാൻ വലിയ പ്രാധാന്യം കൊടുക്കുന്നില്ല. അണ്ടർസ്റ്റാന്റിങും സ്നേഹവും ഉണ്ടായാൽ മതി. അത് ഞങ്ങൾക്കിടയിലുണ്ട്.

വിശാൽ ജീവിതത്തിൽ വന്ന ശേഷം എന്നിലും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും സായ് ധൻസിക കൂട്ടിച്ചേർത്തു. ‘യോഗി ഡാ’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. സായ് ധൻസികയും വിശാലും തമ്മിൽ ഏറെ നാളായി സൗഹൃദത്തിൽ ആയിരുന്നു.

കബാലി, പേരാൺമൈ, പരദേശി തുടങ്ങിയ തമിഴ് ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സായ് ധൻസിക. ദുൽഖർ സൽമാൻ നായകനായി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ആന്തോളജി ചിത്രം ‘സോളോ’യിലൂടെ മലയാളത്തിലും സായ് ധൻസിക എത്തിയിരുന്നു. സുന്ദർ സി സിനിമയായ പുരുഷൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിശാൽ ചിത്രം. തമന്ന, യോഗി ബാബു എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ.