സിനിമയിൽ നിന്ന് വിട്ട് നിന്ന സാമന്ത ഇപ്പോൾ തിരിച്ച് വരവിന് ഒരുങ്ങുകയാണ്

മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ച് കുറച്ച് കാലം സിനിമാജീവിതത്തിൽ നിന്നും വിട്ട് നിന്ന സമാന്ത ഇപ്പോൾ വീണ്ടും കരിയറിൽ സജീവമാവുകയാണ്. സമാന്ത നാഗചൈതന്യ വിവാഹമോചന ചര്‍ച്ചകളും ഇതുവരെ അവസാനിച്ചിട്ടില്ല. അഭിമുഖങ്ങളിലെല്ലാം ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാവാറുണ്ട്. ശാരീരികമായും മാനസികമായും പ്രതിസന്ധികള്‍ നേരിടേണ്ടി വന്നെങ്കിലും ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സമാന്ത. സോഷ്യല്‍മീഡിയയിൽ സജീവമായ താരം വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താൻ നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സമാന്ത രൂത് പ്രഭു. സിനിമയിലെപ്പോലെ ഗ്ലാമറസായ ജീവിതമല്ല തന്റേതെന്ന് സമാന്ത പറയുന്നു. കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലായിരുന്നു താരം പിന്നിട്ട പ്രതിസന്ധികളെക്കുറിച്ചും, വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും സംസാരിച്ചത്.ജീവിതത്തിലെ ചില കാര്യങ്ങൾ മാറ്റിയിരുന്നെങ്കിലെന്ന് നമ്മൾ ആ​ഗ്രഹിക്കും. ഇക്കാര്യങ്ങളിലൂടെയെല്ലാം കടന്ന് പോകേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ചിലപ്പോൾ ചിന്തിക്കും. കുറച്ച് നാൾ മുമ്പ് ഇതേക്കുറിച്ച് താൻ സുഹൃത്തുമായി സംസാരിചിരുന്നു. കഴിഞ്ഞ് മൂന്ന് വർഷങ്ങൾ സംഭവിക്കരുതായിരുന്നു എന്നാണ് താനിപ്പോഴും ആഗ്രഹിക്കുന്നതെന്നും സമാന്തപറയുന്നു.

പക്ഷെ ഇപ്പോൾ തോന്നുന്നത് ജീവിതത്തിൽ നമുക്ക് നേരെ വരുന്ന കാര്യങ്ങൾ അഭിമുഖീകരിക്കണമെന്നാണ്. നിങ്ങളതിൽ നിന്നും പുറത്ത് വരുന്നുണ്ടെങ്കിൽ നിങ്ങൾ ജയിച്ചുവെന്നും സമാന്ത കൂട്ടിച്ചേർത്തു. മുമ്പത്തേക്കാളും ശക്തയായി എന്ന് തനിക്കിപ്പോൾ തോന്നുന്നുവെന്നും കാരണം തീയിൽ ചവിട്ടിയാണ് താൻ കടന്ന് വന്നതെന്നും സമാന്ത അഭിമുഖത്തിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് തുണയായത് ആത്മീയത ആണെന്നും സമാന്ത പറയുന്നു. തന്റെ വ്യക്തിപരമായ വളർച്ചയ്ക്ക് ആത്മീയത അവിഭാജ്യ ഘടകമാണ്. ആത്മീയമായൊരു ഉയിര്‍ത്തെഴുന്നേല്‍പ്പായി അതിനെ വിശേഷിപ്പിക്കും. ജീവിതത്തില്‍ ആത്മീയത ഏറെ പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടന്ന് കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് തൻ എത്തിയത് അതിലൂടെയാണ്. വെല്ലുവിളികള്‍ നേരിടാനുള്ളൊരു ശക്തിയായിരുന്നു ആത്മീയത. മാനസികമായും ശാരീരികമായുമുള്ള വെല്ലുവിളികള്‍ നേരിടാന്‍ നമ്മളെ പ്രാപ്തരാക്കാന്‍ ആത്മീയത സഹായിക്കും. നല്ലൊരു സുഹൃത്തും ശക്തിയുമായി അവയെ കൂടെക്കൂട്ടണമെന്നാണ് തനിക്ക് പറയാനുള്ളത് എന്നും സമാന്ത പറയുന്നു. കരിയറിലെ പുതിയ പ്രൊജെക്ടുകളെപ്പറ്റിയും സമാന്ത പറയുന്നുണ്ട്. അടുത്ത മാസം മുതല്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. കഥാപാത്രമായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളിലാണ് താനിപ്പോള്‍. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇഷ്ടമാണ്. മാര്‍ഷ്യല്‍ ആര്‍ട്‌സും അമ്പെയ്ത്തും, കുതിര സവാരിയുമെല്ലാം ഇതിനകം പഠിച്ച് കഴിഞ്ഞു. പുതിയതെന്തെങ്കിലും പഠിക്കാനുണ്ടോയെന്നാണ് കഥാപാത്രങ്ങള്‍ വരുമ്പോള്‍ ചിന്തിക്കാറുള്ളത്.

ഇപ്പോഴും താനൊരു വിദ്യാര്‍ത്ഥിയാണെന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടമെന്നും താരം പറയുന്നു . ഒപ്പം മികച്ച അവസരങ്ങള്‍ക്കായാണ് ഇപ്പോഴും പ്രാധാന്യം നല്‍കുന്നത്. ആവര്‍ത്തന വിരസത ഇല്ലാതെ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റണം. ഒരേ കാര്യം ചെയ്യുമ്പോള്‍ ആര്‍ക്കായാലും മടുപ്പ് വരും. നമ്പറിലല്ല ഗുണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളുടേതായ സ്‌പേസ് വേണമെന്ന് ഡിമാന്‍ഡ് ചെയ്യുന്ന നിലപാടിനോട് താല്‍പര്യമാണെന്നും സമാന്ത പറയുന്നു. അതേസമയം സാമന്തയുടെ ഒന്നിലേറെ പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളാണ് സമാന്തയുടെ ജീവിതത്തിൽ നടന്നത്. തെന്നിന്ത്യയിലെ തിരക്കേറിയ നായിക നടിയായിരിക്കെയാണ് സമാന്ത വിവാഹിതയാകുന്നത്. തെലുങ്ക് യുവതാരം നാ​ഗ ചൈതന്യയെയാണ് സമാന്ത വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. എന്നാൽ നാല് വർഷങ്ങൾക്കുള്ളിൽ ഈ ബന്ധം പിരിഞ്ഞു. വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം സമന്ത വിവാഹ ശേഷവും സിനിമാ കരിയറിന് ശ്രദ്ധ കൊടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. വിവാഹ ശേഷം വലിയ ചലനങ്ങൾ സമാന്തയുടെ കരിയറിലുണ്ടായി. വ്യത്യസ്തമായ കഥാപാത്രങ്ങൾ നടിയെ തേടി വന്നു. ബോളിവുഡിലുൾപ്പെടെ സമാന്തയുടെ പേര് ചർച്ചയായി. എന്നാൽ മറുവശത്ത് നാ​ഗ ചൈതന്യ അന്ന് പരാജയങ്ങൾക്ക് നടുവിലായിരുന്നു. ഇതിനിടെയാണ് ഇവർ വിവാഹ മോചനം നേടുന്നത്. വിവാഹമോചനം നടന്ന് കുറച്ച് മാസങ്ങൾക്കുള്ളിലാണ് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ നടിയെ ബാധിക്കുന്നത്. തുടരെ വന്ന പ്രശ്നങ്ങളിൽ ആദ്യം തകർന്ന് പോയെങ്കിലും പിന്നീട് ഇവയെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് സാധിച്ചു. സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി റിലീസ് ചെയ്യാനുള്ളത്. വരുൺ ധവാനാണ് സീരീസിലെ നായകൻ. ഖുശിയാണ് നടിയുടെ ഒ‌ടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ നായകനായത് വിജയ് ദേവരകൊണ്ടയാണ്. സിനിമ മികച്ച വിജയം നേടി. സമാന്തയു‌ടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.