എയർപോർട്ടിൽ ഷാരുഖ് ഖാന്റെ അപരന്റെ പെർഫോമൻസ് ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

സെലിബ്രിറ്റികളുമായി രൂപസാദൃശ്യമുള്ള പല അപരന്മാരും സമൂഹ മാധ്യമങ്ങളിലെ വൈറല്‍ താരങ്ങളാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതനായൊരു വ്യക്തിയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനുമായി അപാരമായ രൂപ സാദൃശ്യമുള്ള ഇബ്രാഹിം ഖദ്രി.നാടെങ്ങും ഷാരുഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ജവാൻ തരംഗത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ ഇബ്രാഹിം ഖദ്രി വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എയര്‍പോര്‍ട്ടിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥനു മുന്നില്‍ ഷാരൂഖ് ഖാ ന്റെ മാനറിസങ്ങള്‍ കാണിക്കുന്ന ഇബ്രാഹിം ഖദ്രിയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ഏറെ ജനശ്രദ്ധ നേടി പങ്കു വെയ്ക്കപ്പെടുന്നത്. ഷാരൂഖ് ഖാന്റെ അപരൻ്റെ ഷോ കണ്ട് ചിരിയടക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥനെയും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഇബ്രാഹിം ഖദ്രിയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇതുവരെയായി തൊണ്ണൂറ്റി എട്ട് ദശലക്ഷത്തോളം പേരാണ് കണ്ടു കഴിഞ്ഞിരുന്നത്. നിരവധി പേർ ഈ വീഡിയോയ്ക്ക് കമെന്റുകളും ചെയ്യുന്നുണ്ട്. അതിലേറെ പേർ ഈ വീഡിയോ പങ്കു വെയ്ക്കുകയും ചെയ്യുന്നുണ്ട്. ഷാരൂഖ് ഖാനുമായുള്ള തന്റെ സാമ്യം ആദ്യം താൻ ഗൗരവമായി എടുത്തിരുന്നില്ലെന്ന് ഇബ്രാഹിം ഖദ്രി പറയുകയുണ്ടായി. ഷാരൂഖ് ഖാന്റെ ‘റയീസ്’ എന്ന സിനിമയുടെ റിലീസിന് ശേഷമാണ് ഇബ്രാഹിം ഖദ്രി തന്റെ ശരീരഘടന, ഹെയര്‍സ്റ്റൈല്‍, പെരുമാറ്റ രീതികള്‍ എന്നിവ തന്റേതായ രീതിയിൽ മെച്ചപ്പെടുത്താൻ തീരുമാനിച്ചത്. അതോടെ കിംഗ് ഖാനെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് ഇബ്രാഹിം ഖാദ്രി രൂപാന്തരപ്പെടുകയായിരുന്നു.

ഇന്ന് ദുബായ്, മസ്കറ്റ് പോലുള്ള സ്ഥലങ്ങളില്‍ നിന്നു വരെ വിവിധ പരിപാടികള്‍ക്ക് ഇബ്രാഹിം ഖദ്രിയെ തേടി ക്ഷണമെത്തുന്നുണ്ട്. ജവാൻ റിലീസിംഗ് ദിവസം തിയേറ്ററില്‍ എത്തി ഡാൻസ് ചെയ്തു കൊണ്ടാണ് ഇബ്രാഹിം ഖദ്രി പ്രിയതാരത്തിന്റെ ചിത്രത്തെ വരവേറ്റത്. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ഷാരൂഖ് ഖാന്റെ ചിത്രത്തിലെ ഗാനങ്ങൾക്കു ചുവടു വെയ്ക്കുന്ന നിരവധി വീഡിയോകൾ ഇബ്രാഹിം ഖദ്രി പങ്കു വെക്കാറുണ്ട്. ആരാധകർ വളരെ ആവേശത്തോടെയാണ് ഈ വീഡിയോകൾ ഒക്കെ സ്വീകരിക്കുന്നതും. ഒരു ദശലക്ഷത്തോളം ഇൻസ്റ്റാഗ്രാമിൽ   ഫോള്ളോവെർസ് ഉള്ള ഇബ്രാഹിം ഖദ്രിയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ നിന്നും ഫോളോ ചെയ്യുന്ന ഒരേ ഒരു അകൗണ്ട് സാക്ഷാൽ ഷാരുഖ് ഖാന്റേത് മാത്രമാണ് എന്നത് എടുത്തു പറയേണ്ടി ഇരിക്കുന്നു. അത്രയേറെ ആരാധനയാണ് ഇബ്രാഹിം ഖദ്രിക്ക് ഷാരുഖ് ഖാനോടുള്ളത്.