ഷാജി പാപ്പന്റെ ജൈത്രയാത്ര; ഏഴാം നാൾ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ച് ‘ആട് 3’

കൊച്ചി: മലയാള സിനിമയിലെ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു കൊണ്ട് ജയസൂര്യയുടെ ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ നൂറ് കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് വെറും ഏഴ് ദിവസത്തിനുള്ളിലാണ് ചിത്രം ഈ ചരിത്ര നേട്ടം കൈവരിച്ചത്. നടൻ ജയസൂര്യയുടെയും നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെയും കരിയറിലെ ആദ്യ നൂറ് കോടി ചിത്രമാണിത്. നിർമ്മാതാവ് വിജയ് ബാബുവാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം മാർച്ച് 19-നാണ് ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയത്. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ കേരളത്തിൽ നിന്ന് മാത്രം 20 കോടിയിലധികം രൂപ ഗ്രോസ് കളക്ഷൻ നേടാൻ സിനിമയ്ക്ക് സാധിച്ചു. വിദേശ വിപണിയിലും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലും ചിത്രം വൻ തരംഗമാണ് സൃഷ്ടിക്കുന്നത്. ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ ഗൾഫിൽ നിന്ന് മാത്രം 20 കോടി രൂപ ഗ്രോസ് കളക്ഷൻ പിന്നിട്ടിരുന്നു.

നിലവിൽ മോഹൻലാൽ ചിത്രം ‘എമ്പുരാന്’ തൊട്ടുപിന്നിലായി, ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആഗോള ഗ്രോസ് നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി ‘ആട് 3’ മാറി. കല്യാണി പ്രിയദർശന്റെ ‘ലോക’, മോഹൻലാലിന്റെ ‘തുടരും’ എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് ഷാജി പാപ്പനും സംഘവും ഈ കുതിപ്പ് നടത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിംസും ചേർന്നാണ് ഈ ബിഗ് ബജറ്റ് ഫാന്റസി ചിത്രം നിർമ്മിച്ചിരിക്കുന്നത്.