ഒടുവിൽ ആ ചോദ്യത്തിനും ഉത്തരമായി; ലിയോ ‘എ ഹിസ്റ്ററി ഓഫ് വയലൻസി’നുള്ള ആദരം

ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ. ലോകേഷ് കനകരാജിന്‍റെ അഞ്ചാമത്തെ ചിത്രമാണ് ലിയോ. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ചിത്രം…

ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒന്നാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തിയ ലിയോ. ലോകേഷ് കനകരാജിന്‍റെ അഞ്ചാമത്തെ ചിത്രമാണ് ലിയോ. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ചിത്രം എത്തിയത്. ലോകത്തെമ്പാടും ആറായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം റിലീസായത്. മികച്ച അഭിപ്രായങ്ങള്‍ക്കൊപ്പം തന്നെ സമിശ്രമായ പ്രതികരണങ്ങളും ആദ്യദിനത്തില്‍ ചിത്രം നേടുന്നുണ്ട്. ലിയോയുടെ പോസ്റ്ററുകൾ ഇറങ്ങിയിരുന്ന സമയത്ത്  ഡേവിഡ് ക്രോണൻബർഗിന്റെ ‘എ ഹിസ്റ്ററി ഓഫ് വയലൻസ്’ എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ടതാണ് ലിയോ എന്നാണ് ഏറ്റവും കൂടുതൽ ചർച്ചകൾ നടന്നിരുന്നത്. എന്നാൽ എ ഹിസ്റ്ററി ഓഫ് വയലൻസുമായി ലിയോക്ക് ബന്ധമുണ്ടോയെന്നത് സംബന്ധിചുള്ള ചോദ്യങ്ങൾക്ക്  സിനിമയിലെ അണിയറപ്രവർത്തകർ യാതൊരു വിവരവും നൽകിയില്ല. എന്നാൽ ലിയോ റിലീസ് ആയതോടു കൂടി അതിനുള്ള ഉത്തരം കൂടി  ലഭിച്ചിരിക്കുകയാണ്. ഹിസ്റ്ററി ഓഫ് വയലന്‍സിനുള്ള ആദരമാണ് ചിത്രം എന്നാണ് ലിയോ ടൈറ്റില്‍ കാര്‍ഡിന് മുന്നില്‍ എഴുതിയിരിക്കുന്നത്. നേരത്തെ ‘എ ഹിസ്റ്ററി ഓഫ് വയലന്‍സ്’ എന്ന ചിത്രത്തിന് അടിസ്ഥാനമായ ഗ്രാഫിക് നോവലിന്‍റെ അവകാശം ലിയോ നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ട്രെയിലര്‍ വന്നതിന് പിന്നാലെ ചിത്രത്തെ  എ ഹിസ്റ്ററി ഓഫ് വയലന്‍സുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളും യൂട്യൂബ് വീഡിയോകളും സജീവമായിരുന്നു. എന്തായാലും  ആ ചര്‍ച്ചകള്‍ ചിത്രം എത്തിയപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. ഡേവിഡ് ക്രോണൻബെർഗ് സംവിധാനം ചെയ്ത ചിത്രമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ്. ജോഷ് ഓൾസൺ ആണ് ഇതിന്‍റെ തിരക്കഥ. 2005ലാണ് ഈ ചിത്രം ഇറങ്ങിയത്.  ജോൺ വാഗ്നർ, വിൻസ് ലോക്ക് എന്നിവര്‍ 1997 ല്‍ എഴുതിയ ഇതേ പേരിലുള്ള ഗ്രാഫിക് നോവലിനെ അധികരിച്ചാണ് ഈ ചിത്രം.

വിഗ്ഗോ മോർട്ടെൻസൻ, മരിയ ബെല്ലോ, എഡ് ഹാരിസ്, വില്യം ഹർട്ട് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.  ‘അമേരിക്കയിലെ ഒരു പട്ടണത്തിൽ ഒരു ചെറിയ കഫേ നടത്തി, ഭാര്യയും രണ്ടു മക്കളുമായി സ്വസ്ത ജീവിതം നയിക്കുന്ന ടോം സ്റ്റാൾ എന്ന  വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും അയാളുടെ ഭൂതകാലവുമാണ് ഹിസ്റ്ററി ഓഫ് വയന്‍സിൽ പറയുന്നത്. ഒരു ദിവസം കഫേയില്‍ എത്തുന്ന രണ്ട് കൊലയാളികളെ കൊലപ്പെടുത്തി അയാള്‍ ഹീറോ ആകുന്നു. ഇതറിഞ്ഞ് അയാളുടെ പഴയകാലത്തെ ശത്രുക്കൾ നായകനെ വേട്ടയാടാൻ വരുന്നു. ഇതാണ് ഹിസ്റ്ററി ഓഫ് വയലൻസിന്റെ അടിസ്ഥാന കഥ. ഇതേ പ്രമേയത്തിൽ  തന്നെയാണ് ലിയോയും മുന്നേറുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ  ഭാഗമാണോ ‘ലിയോ’ എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ടായിരുന്നു. അതിനുള്ള ഉത്തരം തീയേറ്ററിൽ സിനിമ കണ്ടവർ കണ്ടെത്തുകയും ചെയ്തു. പുലർച്ചെ നാല് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ. പ്രീ റിലീസ് ഹൈപ്പിന്‍റെ കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും. അത്തരത്തിലുള്ള പ്രേക്ഷകാവേശമാണ് റിലീസിന് മുന്‍പ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്.കേരളത്തിലുൾപ്പെടെ പ്രീ ബുക്കിംഗിലൂടെത്തന്നെ ഓപണിംഗ് കളക്ഷനില്‍ ലിയോ റെക്കോര്‍ഡ് ഇട്ടിരുന്നു. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയത് 140 കോടിയാണ്. നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.അതെ സമയം കേരളത്തിൽ മാത്രം പ്രേക്ഷക അഭ്യർത്ഥന മാനിച്ച  ഇന്നലെ 208  എക്സ്ട്രാ ലേറ്റ് നൈറ്റ ഷോകളാണ് ഗോകുലം മൂവീസ് സംഘടിപ്പിച്ചത് .