ലിയോ ട്രെയിലര്‍ കണ്ട ആവേശം ; തിയേറ്റര്‍ തകര്‍ത്ത് വിജയ് ആരാധകര്‍

ദളപതി വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചതിനു പിന്നാലെ ആരാധകര്‍ തിയേറ്റര്‍ നശിപ്പിച്ചതായി പരാതി. ചെന്നൈയില്‍ ലിയോ ട്രെയിലറിന്റെ സ്പെഷ്യല്‍ സ്ക്രീനിങ് നടന്ന രോഹിണി തിയേറ്ററാണ് ആരാധകര്‍ അടിച്ചു തകര്‍ത്തത് ആരാധകരുടെ ആവേശത്തില്‍ കനത്ത നാശനഷ്ടമാണ് തീയേറ്ററിന് ഉണ്ടായത്. നൂറ് കണക്കിന് ആരാധകരാണ് ട്രെയിലര്‍ കാണാനായി തിയേറ്ററില്‍ എത്തിയത്. ആളുകള്‍ പിരിഞ്ഞു പോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നുണ്ട്. തീയേറ്ററിലെ സീറ്റുകളില്‍ ഭൂരിഭാഗവും ഉപയോഗ ശൂന്യമായിട്ടുണ്ട്. ട്രെയിലര്‍ കണ്ട ആവേശത്തില്‍ ആരാധകര്‍ തിയേറ്ററിലെ സീറ്റുകള്‍ വലിച്ചു കീറുകയും ചവിട്ടിയൊടിക്കുകയുമായിരുന്നു. ട്രേഡ‍് എക്സ്പേര്‍ട്ട് മനോബാല വി തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ തിയേറ്ററിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാന്‍സ് ഷോകള്‍ സംഘടിപ്പിക്കാറുള്ള തിയറ്ററുകളില്‍ മുൻപന്തിയിൽ നിൽക്കുന്ന തീയേറ്ററാണ്  ചെന്നൈയിലെ രോഹിണി സില്‍വര്‍ സ്ക്രീന്‍സ്. എന്നാല്‍ തിയറ്റര്‍ ഹാളിന് പുറത്താണ് സാധാരണ ഇത് നടത്താറുള്ളത്. ഇക്കുറി തിയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് തിയറ്റര്‍ സ്ക്രീനില്‍ തന്നെ ട്രെയ്‌ലറിന് പ്രദര്‍ശനമൊരുക്കാന്‍ തീയേറ്റർ ഉടമകള്‍ തീരുമാനിച്ചത്. ഇന്നലെ വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‌ലർ  യുട്യൂബിലൂടെ റിലീസ് ആയത്. ഇതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ തിയറ്റര്‍ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‌ലർ പ്രദര്‍ശിപ്പിക്കുന്ന വിവരം തിയറ്ററിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ മുന്‍കൂട്ടി അറിയിക്കുയും ചെയ്തിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലിയോയുടെ ഓഡിയോ ലോഞ്ചിന് പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ഇതും ട്രെയ്‌ലർ ഫാന്‍സ് ഷോയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താനുള്ള സാഹചര്യം സൃഷ്ടിച്ച ഘടകമാണ്. തമിഴ്നാട്ടിലെ മറ്റ് പല തിയറ്ററുകളിലും കേരളത്തില്‍ പാലക്കാട്ടും ട്രെയ്‌ലറിന് ഫാന്‍സ് ഷോകള്‍ നടന്നിരുന്നു. എന്നാല്‍ അവിടെ നിന്നൊന്നും ഇത്തരത്തിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിയേറ്ററിനുള്ളില്‍ ട്രെയിലര്‍ പ്രദര്‍ശന സമയത്തെ ദൃശ്യങ്ങളും നേരത്തേ പുറത്തു വന്നിരുന്നു. അതേസമയം ആരാധകര്‍ കാത്തിരുന്നതു പോലെ വിജയിയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാല്‍ സമ്പന്നമാണ് ലിയോ ട്രെയിലര്‍. പുറത്തെത്തിയ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ്. ട്രെയ്‌ലർ പുറത്തിറങ്ങി 15 മണിക്കൂറിനുള്ളിൽ തന്നെ 26 മില്യൺ വ്യൂസ്‌ ആണ് ട്രെയ്‌ലർ നേടിയെടുത്തത്. വിജയ്‌യോടൊപ്പം വമ്പൻ താര നിരയാണ് ലിയോയില്‍ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് അഭിനേതാക്കള്‍. വന്‍ വിജയം നേടിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രവുമാണ് ഇത്. കോളിവുഡിലെ അപ്കമിംഗ് റിലീസുകളില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രവുമാണ് ഇത്. ലോകേഷ്-വിജയ് കൂട്ടു കെട്ടിലെത്തുന്ന ലിയോ ഒക്ടോബര്‍ 19ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.