
കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയി മരണത്തിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ.ജോസഫ് സമർപ്പിച്ച പരാതിയിലാണു സംഭവ ദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉള്ളത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനായി ടി.എ.ജോസഫിനൊപ്പം റോയ് ഓഫിസിലെത്തി. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയ റോയി അമ്മയോട് സംസാരിക്കണമെന്ന് ജോസഫിനോട് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ പുറത്തേക്കിറങ്ങിയ ജോസഫ് തിരികെ എത്തിയപ്പോൾ ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി സമ്മതിച്ചില്ല. ആരെയും ക്യാബിനിലേക്ക് കയറ്റി വിടരുതെന്ന് റോയ് അറിയിച്ചെന്നായിരുന്നു വിശദീകരണം.
10 മിനിറ്റിന് ശേഷം ജോസഫ് ക്യാബിന് മുന്നിലെത്തി മുട്ടിയെങ്കിലും അകത്തുനിന്നും പ്രതികരണമുമുണ്ടായില്ല. കതക് ഉള്ളിൽ നിന്നും ലോക്കിട്ട നിലയിലായിരുന്നു. കതക് തകർത്ത് ഉള്ളിൽ കയറിയപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ്സ്ഥിരീകരിച്ചു. ഉടൻ തന്നെ ആംബുലൻസ് വിളിച്ചു ബെംഗളൂരുവിലെ നാരായണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
റോയ് സി.ജെ.യുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിട്ടുണ്ട്. വെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാംവാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്ന് ഡോക്ടേഴ്‌സ്. മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം നാളെ ബെംഗളൂരുവില്‍ നടക്കും.
മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ് പൊലീസില്‍ പരാതി നല്‍കി. കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോയ് സി ജെയുടെ സഹോദരന്‍ ബാബു സി ജെ രംഗത്തെത്തി. മരണകാരണം ആത്മഹത്യ തന്നെ എന്ന് സ്ഥിരീകരിക്കാന്‍ ബാലസ്റ്റിക് ഫോറന്‍സിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.











