
യുവസംവിധായകൻ ബെൽരാജ് കളരിക്കലിനെ (ചെഗു) എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ‘കാപ്പി സ്ക്വാഡ്’ എന്ന വെബ് സീരീസിന്റെ സംവിധായകനാണ് ബെൽരാജ്. വെള്ളിയാഴ്ച സീരീസ് റിലീസ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗവാർത്ത പുറത്തുവന്നത്.
‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച ബെൽരാജിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായിരുന്നു ‘കാപ്പി സ്ക്വാഡ്’. ആദ്യ വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തിയതിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത വിയോഗം സിനിമാ മേഖലയിൽ നടുക്കമായി.
കോട്ടയം മണിമല സ്വദേശിയായ ബെൽരാജ്, കളരിക്കൽ സുരേഷിന്റെയും സ്മിതയുടെയും മകനാണ്. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് അദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സൺറൈസ് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ബെൽരാജിന്റെ വിവാഹം. ആതിരയാണ് ഭാര്യ.












