ഇലോൺ മസ്‌കിന്റെ മകന് ‘ശേഖർ’ എന്ന് പേര്; പങ്കാളിയുടെ ഇന്ത്യൻ വേരുകൾ

ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്‌കിന്റെ പങ്കാളിയും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവുമായ ഷിവോൺ സിലിസിന് ഇന്ത്യൻ വേരുകളുണ്ടെന്ന് സ്ഥിരീകരിച്ച് മസ്‌ക്. പ്രമുഖ നിക്ഷേപകനും സീറോദ സ്ഥാപകനുമായ നിഖിൽ കാമത്തിന്റെ പോഡ്‌കാസ്റ്റിൽ സംസാരിക്കവെയാണ് മസ്‌ക് ഈ സുപ്രധാന വിവരം പങ്കുവെച്ചത്.

ഷിവോൺ സിലിസുമായുള്ള തന്റെ ഒരു മകന് ‘ശേഖർ’ എന്ന് പേര് നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി. പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിനോടുള്ള ആദരസൂചകമായാണ് മകന് ഈ പേര് നൽകിയതെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

ഷിവോൺ സിലിസിന്റെ ഇന്ത്യൻ പശ്ചാത്തലത്തെക്കുറിച്ച് പോഡ്‌കാസ്റ്റിൽ ആരാഞ്ഞപ്പോൾ, അവർ കാനഡയിലാണ് വളർന്നതെന്നും, കുഞ്ഞായിരിക്കുമ്പോൾ ദത്തെടുത്തതാണെന്നും മസ്‌ക് മറുപടി നൽകി. “അവരുടെ അച്ഛൻ യൂണിവേഴ്‌സിറ്റിയിലെ എക്‌സ്‌ചേഞ്ച് വിദ്യാർത്ഥിയായിരുന്നുവെന്നാണ് അറിവ്. കൃത്യമായ വിവരങ്ങൾ തനിക്കറിയില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ന്യൂറാലിങ്കിൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്ട്‌സ് പദവി വഹിക്കുന്ന വ്യക്തിയാണ് ഷിവോൺ സിലിസ്.

അമേരിക്കൻ വിസ നിയമങ്ങൾ കൂടുതൽ കർശനമാകുന്നതിനെക്കുറിച്ചും മസ്‌ക് പോഡ്‌കാസ്റ്റിൽ ആശങ്ക രേഖപ്പെടുത്തി. “വർഷങ്ങളായി ഇന്ത്യയിൽ നിന്നുള്ള പ്രതിഭകൾ അമേരിക്കയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ സ്ഥിതി മാറിക്കൊണ്ടിരിക്കുകയാണ്. കഴിവും വൈദഗ്ധ്യവുമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യു.എസിലേക്ക് കുടിയേറാനുള്ള അവസരങ്ങൾ കുറയുന്നത് അമേരിക്കയുടെ വളർച്ചയ്ക്ക് ദോഷകരമാകും,” മസ്‌ക് ചൂണ്ടിക്കാട്ടി.