
കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഒ.പി. കൗണ്ടറിലുമായി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളുടെ സംഘങ്ങളാണ് ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഏകദേശം അരമണിക്കൂറോളം ആശുപത്രിയിലെ ഒ.പി.യുടെയും അത്യാഹിത വിഭാഗത്തിന്റെയും പ്രവർത്തനം തടസ്സപ്പെട്ടതായി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് നിസാർ അറിയിച്ചു. ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ എട്ട് പേരെ കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് ബാര പട്ടത്തൊടിയിലെ ഷബീർ അലി (28), ചെമ്മനാട് കൂമനടുക്കത്തെ പി. ജഗദീഷ് കുമാർ (34), കീഴൂർ പടിഞ്ഞാറിലെ കണ്ടത്തിൽ ഹൗസിൽ അഹമ്മദ് ഷാനവാസ് (28), ചെമ്മനാട് കൂമനടുക്കത്തെ സി.കെ. അജേഷ് (27), കുഞ്ഞഹമ്മദ് (34), അബ്ദുൽ ഷഫീർ (31), മുഹമ്മദ് അഫ്നാൻ (19), കീഴൂരിലെ സൈദ് അഫ്രീദ് (27) എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.











