ജെയ്സ് ജോസ് നായകനാകുന്ന ‘അരികിൽ’; ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

ജെയ്സ് ജോസ് നായകനാകുന്ന ‘അരികിൽ’; ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്ത് മോഹൻലാൽ

നവാഗതനായ രജീഷ് രാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അരികിൽ’ന്റെ ടൈറ്റിൽ പ്രകാശനം നടൻ മോഹൻലാൽ നിർവഹിച്ചു. ‘ലൂസിഫർ’, ‘ഗുമസ്തൻ’, ‘ആഘോഷം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജെയ്സ് ജോസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തുന്ന ഒരു പരീക്ഷണ ചിത്രമായിരിക്കും ‘അരികിൽ’ എന്ന് സംവിധായകൻ രജീഷ് രാജൻ വ്യക്തമാക്കി.

സ്നേഹം പ്രകടിപ്പിക്കാനോ മറ്റുള്ളവരോട് തുറന്നുപറയാനോ അറിയാത്ത, ഗൗരവപ്രകൃതക്കാരനായ ഒരു മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. സ്വന്തം ഭാര്യയുടെ സ്നേഹം പോലും തിരിച്ചറിയാൻ കഴിയാതെ പോകുന്ന അയാൾ ചില പ്രത്യേക സാഹചര്യങ്ങളിലൂടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് എത്തിപ്പെടുന്നു. ഏകാന്തതയ്ക്കിടയിൽ ഉണ്ടാകുന്ന തിരിച്ചറിവുകൾ അയാളെ ജീവിതത്തിൽ നിന്നും അകന്നുപോയ പ്രിയപ്പെട്ടവരുടെ അരികിലേക്ക് തിരിച്ചെത്താൻ പ്രേരിപ്പിക്കുന്നു. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ജീവിതകഥ ‘അരികിൽ’ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ മാധവൻ നായർ എന്ന പ്രധാന കഥാപാത്രത്തെയാണ് ജെയ്സ് ജോസ് അവതരിപ്പിക്കുന്നത്. മനുഷ്യബന്ധങ്ങളുടെയും സ്നേഹത്തിന്റെയും തിരിച്ചറിവുകളുടെയും പ്രാധാന്യം അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘അരികിലി’നുണ്ട്.

ഡാഡീസ് ഡ്രീം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡക്ഷൻ സിജി ഗ്രൂപ്പാണ്. ശ്രീജിത്ത് ഇടവനയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രീകരണം ശനിയാഴ്ച ആരംഭിക്കും. വടക്കഞ്ചേരി, പാലക്കാട് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.