
ഇടുക്കി: മൂന്നാർ കുണ്ടളയിൽ കടുവ ഇറങ്ങി എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് വനംവകുപ്പ് അറിയിച്ചു. പ്രചരിക്കുന്ന ദൃശ്യങ്ങൾ നാല് വർഷം മുമ്പുള്ളതാണെന്നും ഇത് കേരളത്തിൽ നിന്നുള്ളതല്ലെന്നും വനംവകുപ്പ് വിശദീകരണത്തിൽ വ്യക്തമാക്കി.
പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത് ഛത്തീസ്ഗഡിലെ ബിജാപൂരിൽ 2021-ൽ ഇറങ്ങിയ കടുവയും കുഞ്ഞുങ്ങളുമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അനാവശ്യമായി ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊതുജനങ്ങൾക്ക് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളിലാണ് കുണ്ടളയിൽ കടുവയും കുട്ടികളും ഇറങ്ങിയെന്ന തരത്തിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ, നിലവിൽ ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പിച്ചു. കാൽപ്പാടുകളോ മറ്റ് സൂചനകളോ കടുവയുടെ സാന്നിധ്യത്തെ സാധൂകരിക്കുന്നില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
മൂന്നാറിൽ മുൻപ് കടുവ ഇറങ്ങിയിരുന്നു എന്നത് വാസ്തവമാണെങ്കിലും, പ്രചാരണത്തിൽ പറയുന്ന സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യമില്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്











