കേരളത്തെ പിടിച്ച് കുലുക്കി ഹനുമാൻ; വമ്പൻ റിലീസുകൾക്കിടയിലും വൻ മുന്നേറ്റം, 100 കോടി നേട്ടത്തിന് പിന്നാലെ പുതിയ റിപ്പോർട്ട്

ചെറിയ ബജറ്റിൽ എത്തി ആ​ഗോള ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കിയിരിക്കുകയാണ് ഹനുമാൻ. 50 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 100 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. കേരളത്തിൽ വെറും 40…

ചെറിയ ബജറ്റിൽ എത്തി ആ​ഗോള ബോക്സ് ഓഫീസിനെ പിടിച്ച് കുലുക്കിയിരിക്കുകയാണ് ഹനുമാൻ. 50 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം 100 കോടി രൂപ നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ട്. കേരളത്തിൽ വെറും 40 തിയറ്ററുകളിലാണ് ചിത്രം റിലീസ് ആയത്. എന്നാൽ, മികച്ച അഭിപ്രായം നേടിയതോടെ വെള്ളിയാഴ്‍ച മുതൽ 100 സെന്ററുകളിലേക്ക് ചിത്രം എത്തുകയാണ് എന്നാണ് റിപ്പോർട്ട്. പ്രശാന്ത് വർമയാണ് തിരക്കഥയെഴുതി ചിത്രം സംവിധാനം ചെയ്തത്. തേജ സജ്ജ നായകനായെത്തിയ ഹനുമാന്റെ ഛായാഗ്രാഹണം ദാശരധി ശിവേന്ദ്രയാണ്. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങിയ ഭാഷകൾക്ക് പുറമേ കന്നഡ, മറാത്തി, സ്‍പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ്, ഇംഗ്ലീഷ് എന്നിവയിലുമായി ജനുവരി 12നാണ് ചിത്രം റിലീസ് ചെയ്‍തത്.

കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമിച്ചിരിക്കുന്നത്. ഹനുമാൻ ശ്രീമതി ചൈതന്യയാണ് അവതരിപ്പിച്ചത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് പ്രദർശനാവകാശം നേടിയത്. ഡിസ്ട്രിബ്യൂഷൻ പാർട്‍ണർ ഡ്രീം ബിഗ് ഫിലിംസ് ആണ്. തേജ സജ്ജയുടെ മികച്ച പ്രകടനമാണ് ചിത്രത്തിൽ എന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ പുരാണങ്ങളിലെ ശക്തമായ വിവിധ കഥാപാത്രങ്ങളിലൂടെ പ്രചോദനം ഉൾക്കൊണ്ട് സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമത്തിലാണ് പ്രശാന്ത് വർമ. സൂപ്പർഹീറോയായി ഹനുമാനെ കേന്ദ്രീകരിച്ച് ഒരുക്കിയ ചിത്രം ‘അഞ്ജനാദ്രി’ എന്ന സാങ്കൽപ്പിക സ്ഥലത്താണ് പ്രധാനമായും സജ്ജീകരിച്ചത്. ‘ശ്രീരാമദൂത സ്‌തോത്രം’, ‘ആവക്കായ ആഞ്ജനേയ’ തുടങ്ങിയവയ്‍ക്ക് പുറമേ പവർഫുൾ ഹനുമാൻ’, ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്നീ ഗാനങ്ങൾ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. പിആർഒ ശബരി.